Kerala
കൊച്ചി: വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ പുരസ്കാരം നൽകിയതിനെതിരെ സമർപ്പിച്ച പൊതുതാത്പര്യ ഹർജി കേരള ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റേതാണ് ഉത്തരവ്. ഒരാൾക്കെതിരെ കേസ് നിലവിലുണ്ടെന്നോ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്നോ ഉള്ള കാരണത്താൽ മാത്രം അയാൾക്ക് പത്മപുരസ്കാരങ്ങൾ നിഷേധിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.
കേസുകൾ നിലവിലുണ്ടെന്നതുകൊണ്ട് ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. വെള്ളാപ്പള്ളിക്കെതിരായ കേസുകളിൽ വിചാരണ പൂർത്തിയായി ശിക്ഷ വിധിച്ചിട്ടില്ലെന്നും, ചിലതിൽ സുപ്രീംകോടതി സ്റ്റേ നൽകിയിട്ടുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.
ഭാവിയിൽ ഒരാൾ കുറ്റക്കാരനാണെന്ന് നിയമപരമായി തെളിയുകയാണെങ്കിൽ, ബഹുമതി റദ്ദാക്കാൻ രാഷ്ട്രപതിക്ക് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇക്കാര്യം വ്യക്തമാക്കി കേന്ദ്രസർക്കാരും കോടതിയിൽ സത്യവാംഗ്മൂലം നൽകിയിട്ടുണ്ട്. ഏതെങ്കിലും സാഹചര്യത്തിൽ ശിക്ഷിക്കപ്പെട്ടാൽ മാത്രമേ കേന്ദ്രസർക്കാരിന് പത്മപുരസ്കാരങ്ങൾ തിരിച്ചെടുക്കാൻ നടപടിയെടുക്കാൻ സാധിക്കുവെന്നും കോടതി ഓർമിപ്പിച്ചു.
Kerala
കൊച്ചി: പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിക്കു ജാമ്യം നല്കിയ ഉത്തരവ് ചോദ്യം ചെയ്തും പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രതിക്ക് ഒത്താശ ചെയ്തുവെന്ന് ആരോപിച്ചുമുള്ള ഹര്‍ജിയില്‍ ഹൈക്കോടതി എതിര്‍കക്ഷികള്‍ക്കു നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു.
കേസിലെ ഒമ്പതാം പ്രതി ഹരീഷ് കുമാറിനു തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെതിരേ സംസ്ഥാന സര്‍ക്കാരും ഇഡിയും നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് സി.എസ്. ഡയസ് പ്രതിക്ക് സ്പീഡ് പോസ്റ്റില്‍ നോട്ടീസ് അയയ്ക്കാന്‍ ഉത്തരവിട്ടത്.
ഹര്‍ജി വീണ്ടും ജൂലൈ 13ന് പരിഗണിക്കാന്‍ മാറ്റിയ കോടതി, ആവശ്യമെങ്കില്‍ എതിര്‍കക്ഷികള്‍ക്കു സത്യവാങ്മൂലം സമര്‍പ്പിക്കാമെന്നും നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ഉപയോഗിച്ച വടി കണ്ടെടുക്കാനായില്ലെങ്കിലും അന്വേഷണം ഏറെ മുന്നോട്ടു പോയതിനാല്‍ പ്രതിയെ കസ്റ്റഡിയില്‍ ആവശ്യമില്ലെന്ന പബ്ലിക് പ്രോസിക്യൂട്ടറുടെ വാദം പരിഗണിച്ചാണു തിരുവനന്തപുരം സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണു സര്‍ക്കാരിന്റെ ഹര്‍ജി.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിനു പിന്നില്‍ വലിയ ഗൂഢാലോചനയുണ്ട്. പ്രതിയുടെ മൊബൈല്‍ ഫോണിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടടക്കം ലഭിക്കാനുണ്ട്. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് കണക്കിലെടുക്കാതെയും പ്രതിയുമായി ഗൂഢാലോചന നടത്തിയുമാണ് പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയില്‍ തെറ്റായ വിവരം അറിയിച്ചതെന്ന് പബ്ലിക് പ്രോസിക്യൂട്ടറെ എതിര്‍കക്ഷിയാക്കി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു.
ഈ സാഹചര്യത്തില്‍, ജാമ്യം അനുവദിച്ച ഉത്തരവ് റദ്ദാക്കണമെന്ന് സര്‍ക്കാരിനു വേണ്ടി പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി. ആസഫലി വാദിച്ചു. പബ്ലിക് പ്രോസിക്യൂട്ടര്‍ സര്‍ക്കാരിന്റെ ഭാഗമല്ലേയെന്നും പബ്ലിക് പ്രോസിക്യൂട്ടറുടെ വാദത്തിൽ മാത്രമല്ലല്ലോ കോടതി തീരുമാനമെടുക്കുന്നതെന്നും സിംഗിള്‍ ബെഞ്ച് ചോദിച്ചു. 27 ദിവസം ജുഡീഷല്‍ കസ്റ്റഡിയില്‍ ഉണ്ടായിരുന്നിട്ടും സര്‍ക്കാര്‍ എന്താണു ചെയ്തതെന്നും കോടതി ആരാഞ്ഞു.
ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം കേരളത്തില്‍ ആദ്യമാണെന്നും പ്രതിയുടെ പങ്ക് വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളടക്കം ഉണ്ടെന്നും ഇഡിയുടെ അഭിഭാഷകന് ചൂണ്ടിക്കാട്ടി.
ഇഡി, സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റെന്നും വിശദീകരിച്ചു. ഗുരുതരമായി പരിക്കേറ്റത് ആർക്കാണെന്നും എത്ര ദിവസം ആശുപത്രിയില്‍ കിടന്നുവെന്നും ആരാഞ്ഞ കോടതി അതിന്റെ രേഖയുണ്ടോയെന്നും ചോദിച്ചു. തുടര്‍ന്നാണ് എതിര്‍കക്ഷികള്‍ക്കു നോട്ടീസ് ഉത്തരവായ കോടതി, ഹര്‍ജി പിന്നീട് പരിഗണിക്കാന്‍ മാറ്റിയത്.
Kerala
കൊച്ചി: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില്നിന്നുള്ള 2019ലെ സ്വര്‍ണക്കവര്‍ച്ച മറയ്ക്കാന്‍ 2025ല്‍ ചട്ടം ലംഘിച്ച് ചെന്നൈയിലേക്കു ശില്പം കടത്താനുള്ള ശ്രമത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്. പ്രശാന്ത്, തന്ത്രി കണ്ഠര് രാജീവര് തുടങ്ങിയവരുടെ പങ്ക് വ്യക്തമാക്കി ഹൈക്കോടതിയില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്ഐടി) റിപ്പോര്‍ട്ട്.
ശില്പം കടത്താന്‍ സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി നടത്തിയ ഗൂഢാലോചനയില്‍ ഇരുവരും പങ്കാളികളാണെന്നു കണ്ടെത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുള്ളത്. പ്രശാന്തും തന്ത്രിയുമടക്കം ഇതുമായി ബന്ധപ്പെട്ട് ഏഴു പേര് കേസിലെ പ്രതികളാകും. ശബരിമല മുന്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ പരേതനായ മുരാരി ബാബു, സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ദേവസ്വം ബോര്‍ഡ് അംഗമായിരുന്ന എ. അജികുമാര്‍, തിരുവാഭരണം കമ്മീഷണറായിരുന്ന രജിലാല്‍ എന്നിവരാണു കേസിലെ മറ്റ് പ്രതികള്‍.
മുന്‍ ബോര്‍ഡ് അംഗം സുന്ദരേശന്, സെക്രട്ടറി ബിന്ദു, തന്ത്രി മഹേഷ് മോഹനര്, തിരുവാഭരണം കമ്മീഷണര്‍ സുനില, എക്സിക്യൂട്ടീവ് ഓഫീസര്‍ ഒ.ജി. ബിജു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീനിവാസ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹേമന്ത്, ബെല്ലാരിയിലെ ജ്വല്ലറിയുടമ നാഗ ഗോവര്ധന്, 2000ല്‍ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന വി.എസ്. രാജേന്ദ്ര പ്രസാദ് എന്നിവരുടെ പങ്ക് അന്വേഷിച്ചുവരികയാണ്.
ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ഇവര്‍ക്കെതിരേ ചുമത്തുമെന്നും എസ്ഐടി വിശദീകരിച്ചു. 1998ല്‍ സ്വര്‍ണം പൊതിഞ്ഞ ദ്വാരപാലക വിഗ്രഹങ്ങള്‍ 2019ല്‍ ഉണ്ണിക്കൃഷ്ണന് പോറ്റിയുടെ അഭ്യര്‍ഥനപ്രകാരം ചെന്നൈയിലേക്കു കൊണ്ടുപോയിരുന്നു. ഇതിനായി ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ വിഗ്രഹങ്ങളിൽ പൊതിഞ്ഞിരിക്കു ന്നത് ചെമ്പുതകിടുകള്‍ എന്ന് രേഖകളില്‍ തെറ്റായി രേഖപ്പെടുത്തി. ചെന്നൈയില്‍വച്ച് വിഗ്രഹങ്ങളിലെ സ്വര്‍ണം നീക്കി പകരം സ്വര്‍ണപ്പാളി മാത്രം പൂശി. ബാക്കി വന്ന സ്വര്‍ണം പ്രതികള്‍ തട്ടിയെടുത്തു. ഈ തട്ടിപ്പ് പുറത്തറിയാതിരിക്കാന്‍ പൂശിയ സ്വര്‍ണത്തിന് 40 വര്‍ഷത്തെ വാറന്റി ഉറപ്പുനല്‍കി.
എന്നാല്‍, മാസങ്ങള്‍ക്കുള്ളില്‍ സ്വര്‍ണനിറം മങ്ങിയതോടെ ഇതു മറയ്ക്കാനായി വിഗ്രഹങ്ങള്‍ വീണ്ടും സ്വര്‍ണം പൂശാനെന്ന വ്യാജേന ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ പ്രതികള്‍ പദ്ധതിയിട്ടു. പുതിയ ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് ചുമതലയേറ്റയുടന്‍ ഉണ്ണിക്കൃഷ്ണന് പോറ്റി വിശ്വാസം പിടിച്ചുപറ്റുകയും ഗൂഢാലോചനയില്‍ പങ്കാളിയാക്കുകയും ചെയ്തു. ദേവസ്വം മാനുവലും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ചാണ് വിഗ്രഹങ്ങള്‍ വീണ്ടും ചെന്നൈയിലേക്കു കൊണ്ടുപോകാന്‍ ബോര്‍ഡ് തീരുമാനമെടുത്തതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ആദ്യകേസിലെ കുറ്റപത്രം ഉടന്‍ നല്‍കുമെന്നും അന്വേഷണം പൂര്‍ത്തിയായെന്നും കോടതിയില്‍ നേരിട്ട് ഹാജരായ അന്വേഷണ ഉദ്യോഗസ്ഥന് എസ്പി എസ്. ശശിധരന് അറിയിച്ചു. ജംഷഡ്പുരിലെ നാഷണല്‍ മെറ്റലര്‍ജിക്കല്‍ ലബോറട്ടറിയില്‍നിന്നും വിക്രം സാരാഭായ് സ്പെയ്സ് സെന്ററില്നിന്നുമുള്ള ഏതാനും പരിശോധനാ ഫലങ്ങള്‍കൂടി ലഭിക്കാനുണ്ടെന്നും അറിയിച്ചു.
2025ലെ സംഭവവുമായി ബന്ധപ്പെട്ട് പുതിയ കേസ് രജിസ്റ്റര്‍ ചെയ്യുകയോ അധിക കുറ്റപത്രം സമര്‍പ്പിക്കുകയോ ചെയ്യാമെന്ന് ജസ്റ്റീസ് ജി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ച് വ്യക്തമാക്കി.
അതീവ ജാഗ്രതയോടെ അന്വേഷണം നടത്തി എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരണമെന്ന് നിര്‍ദേശിച്ച കോടതി, അന്വേഷണ കാലാവധി ജൂലൈ 20 വരെ നീട്ടുകയും ചെയ്തു. അതേസമയം, സ്വര്‍ണക്കൊള്ളയില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എയും വിശ്വഹിന്ദു പരിഷത്തും നല്കിയ ഹര്‍ജികള്‍ ജൂലൈ 28ന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊതിഞ്ഞിരുന്ന സ്വര്‍ണപ്പാളികളുടെ നവീകരണ ജോലികള്‍ക്കിടെ സ്വര്‍ണപ്പാളികള്‍ മാറ്റി ചെമ്പ് പോലുള്ള മൂല്യം കുറഞ്ഞ ലോഹങ്ങള്‍ സ്ഥാപിച്ചെന്ന പരാതിയില്‍ പരിശോധനയ്ക്ക് ഉത്തരവിട്ട് ഹൈക്കോടതി.
എ.ജി. പ്രസാദ് കുമാര്‍ എന്ന ഭക്തന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ചീഫ് വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫീസര്‍ ഏഴരപ്പൊന്നാന പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണു ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ക്ഷേത്രത്തിലെ രജിസ്റ്ററുകളും ഏഴരപ്പൊന്നാനയും നേരിട്ടു പരിശോധിക്കാനും സ്വര്‍ണത്തിന്റെ തൂക്കവും നിലവാരവും മറ്റും ഉറപ്പുവരുത്താന്‍ സ്വര്‍ണപ്പണിക്കാരന്റെ സേവനം തേടാനും നിര്‍ദേശിച്ചിട്ടുണ്ട്.
ക്രമക്കേട് നടന്നതിനു രേഖകളില്ലെന്ന അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും അസി. ദേവസ്വം കമ്മീഷണറുടെയും റിപ്പോര്‍ട്ടുകള്‍ കോടതി പരിശോധിച്ചിരുന്നു. ഇത് അവിശ്വസിക്കേണ്ട സാഹചര്യമില്ലെങ്കിലും ആരോപണങ്ങളുടെ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഹര്‍ജി ജൂലൈ 31ന് പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: പെരിയാറിനെ സംരക്ഷിക്കാന്‍ അടിയന്തര നടപടികള്‍ വേണമെന്നു ഹൈക്കോടതി. പെരിയാര്‍ സംരക്ഷണത്തിന് ഏകീകൃത അഥോറിറ്റി, സംയോജിത നദീതട സംരക്ഷണ മാനേജ്മെന്റ് പദ്ധതി തുടങ്ങി സര്‍ക്കാര്‍ മുന്നോട്ടുവച്ച പദ്ധതികളുടെകൂടി അടിസ്ഥാനത്തിലാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാം കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ ഉത്തരവ്.
ഇക്കാര്യത്തില്‍ അധികൃതര്‍ ഉത്തരവാദിത്വത്തോടെ പെരുമാറുമെന്നും നടപടി സ്വീകരിക്കുമെന്നുമാണ് പ്രതീക്ഷയെന്നും കോടതി വ്യക്തമാക്കി.
വന്‍ ദുരന്തമുണ്ടാകാന്‍ കാത്തിരിക്കാതെ നടപടി വേണമെന്നും കോടതി നിര്‍ദേശിച്ചു. പെരിയാര്‍ മലിനീകരണം തടയാന്‍ നടപടി വേണമെന്ന് ആവശ്യപ്പെടുന്ന ഹര്‍ജികളാണു കോടതി പരിഗണിച്ചത്.
പെരിയാര്‍ മലിനീകരണം തടയുന്നതിനായി കുഴിക്കണ്ടം തോടിന്റെ ശുചീകരണത്തിനായി മലിനജല സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ പുതിയ സമയക്രമം അറിയിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡിനു കോടതി നിര്‍ദേശം നല്കി.
Kerala
കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ ചരക്കുമായി കേരളതീരത്തു മുങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും അവശിഷ്ടങ്ങളും കടലിനടിയില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളും നീക്കം ചെയ്യാന്‍ എന്തു നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി.
ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതും നിലവിലെ സാഹചര്യവും അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ 16ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതില്‍ വിശദീകരണമില്ല. 2025 മേയ് ഒമ്പതിനുശേഷം ഇക്കാര്യത്തില്‍ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു.
പരിസ്ഥിതി, വനം മന്ത്രാലയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ മറ്റ് ബന്ധപ്പെട്ട ഏജന്‍സികളും ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സമഗ്ര റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ജൂലൈ 14ന് പരിഗണിക്കാന്‍ മാറ്റി.
കടലിനടിയില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകൾ സംബന്ധിച്ച് കപ്പല്‍ കമ്പനി നല്കിയ വിവരങ്ങളും കോടതിക്കു ലഭിച്ച റിപ്പോര്‍ട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതിവിഷയങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. അവശിഷ്ടങ്ങളുടെ നാലിലൊന്നു ഭാഗം ചെളിയില്‍ പൂണ്ട നിലയിലാണ്. ഇതു പരിശോധിക്കാന്‍ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും അറിയിച്ചു.
പ്ലാസ്റ്റിക് പെല്ലറ്റുകള്‍ അടങ്ങിയ കണ്ടെയ്നര്‍ കപ്പലില്‍ ഉണ്ടായിരുന്നെന്നും ഇതു തകര്‍ന്നാല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഇത് മത്സ്യങ്ങള്‍ ഭക്ഷിക്കാനിടയുണ്ട്.
1.5 മൈല്‍ ചുറ്റളവില്‍ 96 കണ്ടെയ്നറുകള്‍ ചിതറിക്കിടക്കുന്നുണ്ട്. തകര്‍ന്ന കപ്പലിനുള്ളില്‍ 475 കണ്ടെയ്നറുകള്‍ വേറെയുമുണ്ട്. കപ്പലിനു പുറത്ത് സ്ട്രാപ്പുകള്‍ കൊണ്ടു മാത്രം ബന്ധിച്ച നിലയിൽ കാത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ ശക്തമായ തിരയില്‍ തീരത്തേക്ക് എത്താന്‍ സാധ്യതയുണ്ട്.
കോസ്റ്റ് ഗാര്‍ഡ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) തുടങ്ങിയ ഏജന്‍സികള്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: ഡോ. കെ.ജെ. റീനയെ ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് നീക്കിയതു സ്റ്റേ ചെയ്ത കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (കെഎടി) ഉത്തരവിനെതിരേ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമർപ്പിച്ച ഹര്‍ജിയില്‍ ഇന്നു വിധി പറയും.
കേസുമായി ബന്ധപ്പെട്ട വസ്തുതകള്‍ പരിശോധിക്കേണ്ടതു ട്രൈബ്യൂണലാണെന്നും ഇടക്കാല ഉത്തരവില്‍ ഇടപെടേണ്ട സാഹചര്യമുണ്ടോയെന്നു മാത്രമാകും പരിശോധിക്കുകയെന്നും ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളികൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
സ്ഥലംമാറ്റത്തില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും ട്രൈബ്യൂണല്‍ ഉത്തരവ് വസ്തുതകള്‍ പരിശോധിക്കാതെയുള്ളതാണെന്നും ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹര്‍ജി നൽകിയത്. 2026 ഫെബ്രുവരിയില്‍ റീനയുടെ ഡെപ്യൂട്ടേഷന് കാലാവധി അവസാനിച്ചതാണ്.
തസ്തിക അപ്ഗ്രേഡ് ചെയ്തശേഷമാണ് എറണാകുളം റീജണല്‍ പബ്ലിക് ഹെല്‍ത്ത് ലബോറട്ടറി ചുമതലയിലേക്കു മാറ്റിയതെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണു സ്ഥലംമാറ്റമെന്നും ആദ്യ ഉത്തരവ് സര്‍ക്കാര്‍ തിരുത്തുന്ന സാഹചര്യമുണ്ടായെന്നുമായിരുന്നു ഡോ. റീനയുടെ വാദം.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസിലെ കോടതിയലക്ഷ്യ നടപടിയുമായി ബന്ധപ്പെട്ട് വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഇന്നലെ ഹൈക്കോടതിയില്‍ നേരിട്ടു ഹാജരായി. മാപ്പപേക്ഷയും സത്യവാങ്മൂലവും കോടതിയില്‍ നല്കിയിട്ടുള്ളതായും അറിയിച്ചു. മാപ്പപേക്ഷയില്‍ ജൂലൈ രണ്ടിന് തീരുമാനമെടുക്കാമെന്നറിയിച്ച കോടതി ഹര്‍ജി വീണ്ടും അന്നു പരിഗണിക്കാന്‍ മാറ്റി.
കോടതിനിര്ദേശമുണ്ടായിട്ടും ഹാജരാകാതിരുന്നതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ച മുഹമ്മദ് ഹനീഷിനെ കോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ഇന്നലെ ഹാജരാകാന്‍ നിർദേശിക്കുകയുമായിരുന്നു. കോടതി ഉത്തരവ് വായിച്ചാല്‍ മനസിലാകുമെന്നാണ് കരുതുന്നതെന്നും കോടതിയുടെ ഉത്തരവ് ഏതു വകുപ്പിലാണ് ലംഘിക്കാനിടയായതെന്നും കോടതി ചോദിച്ചു. കോടതി ആവര്‍ത്തിച്ചു നിര്‍ദേശം നല്‍കിയിട്ടും ലംഘിക്കുകയാണുണ്ടായത്.
ഇക്കാര്യത്തില്‍ രേഖാമൂലം എന്തെങ്കിലും മറുപടി നല്‍കാനുണ്ടോയെന്നും കോടതി ചോദിച്ചു. നിരുപാധികം മാപ്പപേക്ഷ നല്കിയിട്ടുള്ളതായി പ്രിന്‍സിപ്പല്‍ സെക്രട്ടറി കോടതിയെ അറിയിക്കുകയായിരുന്നു.
കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യുന്നതിനായി സിബിഐ സമര്‍പ്പിച്ച അപേക്ഷ പുനഃപരിശോധിക്കണമെന്ന നിര്‍ദേശത്തില്‍ നടപടിയെടുത്തോയെന്ന് കശുവണ്ടി വകുപ്പിന്റെ ചുമതലയുള്ള പുതിയ സെക്രട്ടറി കെ. ബിജുവിനോട് കോടതി ആരാഞ്ഞു. ഇക്കാര്യം പരിഗണനയിലാണെന്ന് സര്‍ക്കാര്‍ അറിയിച്ചു. ജൂലൈ രണ്ടിന് ഇക്കാര്യത്തിലും വിശദീകരണം നല്കാന് കോടതി നിര്‍ദേശിച്ചു.
കശുവണ്ടി വികസന കോര്പറേഷന് 2006-15 കാലഘട്ടത്തില്‍ അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ കോടികളുടെ അഴിമതി നടത്തിയെന്ന കേസില്‍ മുഖ്യ പ്രതികളായ കോര്പറേഷന് മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി നേതാവുമായ ആര്. ചന്ദ്രശേഖരന്, മുന്‍ മാനേജിംഗ് ഡയറക്ടര്‍ കെ.എ. രതീഷ് എന്നിവരുടെ വിചാരണയ്ക്ക് അനുമതി തേടി നല്കിയ അപേക്ഷ മൂന്നാം തവണയും നിരസിച്ചതിനെത്തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ സിംഗിള്‍ ബെഞ്ച് കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്.
Kerala
കൊച്ചി: അയല്ക്കാരന്റെ വീട്ടിലെ തെങ്ങ് ഭീഷണിയായതിനാല്‍ വെട്ടിക്കളയാന്‍ ഉത്തരവ് തേടുന്ന ഹര്‍ജി ബൈബിള്‍ വചനം ഉപദേശമായി നല്കി ഹൈക്കോടതി തള്ളി.
‘നിന്നെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കുക’ എന്ന ബൈബിള്‍ വചനം ഉദ്ധരിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് ഒരു ആപത്ത് വരുമ്പോള്‍ അയല്‍വാസി മാത്രമേ ഉണ്ടാകൂവെന്ന മുന്നറിയിപ്പുകൂടി ഇരുവര്‍ക്കും നല്‍കിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തന്റെ വീടിനും വാഹനങ്ങള്‍ക്കും അയല്പക്കത്തെ തെങ്ങ് ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി നെടുമങ്ങാട് സ്വദേശിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പഞ്ചായത്ത്, റവന്യു, ഒംബുഡ്സ്മാന് എന്നിവിടങ്ങളില്‍ പരാതി നല്‍കിയശേഷമാണു ഹൈക്കോടതിയിലെത്തിയത്. വിഷയം പരിശോധിക്കാന്‍ കോടതി ഏര്‍പ്പെടുത്തിയ അഭിഭാഷക കമ്മീഷണര്‍ക്ക് ഒരു ലക്ഷം രൂപ ഹര്ജിക്കാരന് ഫീസും നല്കി.
എന്നാല്‍ നിലവില്‍ തെങ്ങ് അപകടകരമായ രീതിയിലല്ലെന്നും കമ്പിവടം ഉപയോഗിച്ച് കെട്ടിയിട്ടുണ്ടെന്നും തേങ്ങ വീഴാതിരിക്കാന്‍ സംരക്ഷണവല സ്ഥാപിച്ചിട്ടുണ്ടെന്നുമായിരുന്നു അഭിഭാഷക കമ്മീഷണറുടെ റിപ്പോര്‍ട്ട്. സംരക്ഷണവലയുടെ വലിപ്പം ആവശ്യമെങ്കില്‍ കൂട്ടിയാല്‍ മതിയെന്നും വ്യക്തമാക്കി.
നിലവില്‍ തെങ്ങ് അപകടകരമല്ലെന്നു വിലയിരുത്തിയ കോടതി കൂടുതല്‍ നടപടികള്‍ ആവശ്യമില്ലെന്നു വ്യക്തമാക്കി ഹര്‍ജി തീര്‍പ്പാക്കി.
ഭാവിയില്‍ എന്തെങ്കിലും അപകടസാധ്യതയുണ്ടോയെന്ന് പഞ്ചായത്ത് നിരീക്ഷിക്കാനും നിര്‍ദേശിച്ചു. ഒരുകപ്പു ചായയില്‍ സംസാരിച്ചു തീര്‍ക്കാവുന്ന പ്രശ്നമാണിതെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിവിധ തലത്തിലെ നിയമനടപടികളിലൂടെ വിഷയം ഇവിടെയെത്തിച്ചു ഹൈക്കോടതിയുടെ സമയം പാഴാക്കിയതിന് ഹര്ജിക്കാരന് പിഴയിടേണ്ടതാണെങ്കിലും കടുത്ത നടപടികള്‍ക്കു പോകുന്നില്ലെന്നും നിരീക്ഷിച്ച കോടതി പിഴ ഉത്തരവിട്ടില്ല.
Kerala
കൊച്ചി: സേഫ് കേരള പദ്ധതിയുടെ ഭാഗമായി റോഡില്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ എഐ കാമറാ സംവിധാനം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കരാര്‍ പ്രകാരം നല്‍കേണ്ട തുക ഒരു മാസത്തിനകം നല്‍കണമെന്നു ഹൈക്കോടതി.
പദ്ധതിയുടെ ഭാഗമായി 151 കോടി രൂപ ചെലവഴിച്ച തങ്ങള്‍ക്ക് കുടിശിക കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഉപകരാറുകാരായ ബംഗളൂരുവിലെ എസ്ആര്‍ഐടി ഇന്ത്യ ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന്റെ ഉത്തരവ്.
ഏകദേശം 44.55 കോടി വരുന്ന അഞ്ച് ക്വാര്‍ട്ടറിലെ കുടിശിക നല്‍കാനാണു നിര്‍ദേശം.
Kerala
കൊച്ചി: സേഫ് കേരള പദ്ധതിയുടെ ഭാഗമായി ട്രാഫിക് നിയന്ത്രണത്തിനായി സംസ്ഥാന സര്‍ക്കാര്‍ എഐ കാമറാ സംവിധാനം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് കരാര്‍ പ്രകാരം നല്‍കേണ്ട തുക സമയബന്ധിതമായി നല്കാത്തതെന്തെന്നു ഹൈക്കോടതി.
പദ്ധതിയുടെ ഭാഗമായി 151 കോടി രൂപ ചെലവഴിച്ച തങ്ങള്‍ക്ക് നിലവില്‍ 36.95 കോടി രൂപ കിട്ടാനുണ്ടെന്നു ചൂണ്ടിക്കാട്ടി ഉപകരാറുകാരായ ബംഗളൂരുവിലെ എസ്ആര്‍ഐടി ഇന്ത്യ ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് പരിഗണിച്ചത്.
പണം നല്‍കാത്തതിന്റെ കാരണം അറിയിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്കിയ കോടതി ഹര്‍ജി വീണ്ടും വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ നല്‍കുന്നത് 20 പേജുകളായി പരിമിതപ്പെടുത്തിയ കേരള വിവരാവകാശ ചട്ടത്തിലെ വ്യവസ്ഥ നിയമവിരുദ്ധമെന്നു കണ്ടെത്തി ഹൈക്കോടതി റദ്ദാക്കി.
കേരള വിവരാവകാശ ചട്ടത്തില്‍ 2015ല്‍ ഉള്‍പ്പെടുത്തിയ വ്യവസ്ഥ മാതൃനിയമത്തിന് എതിരാണെന്നും അസാധുവാണെന്നും വിലിയിരുത്തിയാണ് ജസ്റ്റീസ് സി.പി. മുഹമ്മദ് നിയാസിന്റെ ഉത്തരവ്. വ്യവസ്ഥ ചോദ്യം ചെയ്ത് എറണാകുളം സ്വദേശിയായ വിവരാവകാശ പ്രവര്ത്തകന് നിഷാദ് ശോഭനന് നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവരില്‍നിന്ന് വിവരാവകാശ നിയമപ്രകാരം ഫീസ് ഈടാക്കരുതെന്ന ചട്ടം പാസാക്കിയത് 2006ലാണ്. എന്നാല്‍ 2015ലാണ് ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളവര്‍ക്ക് സൗജന്യമായി വിവരങ്ങള്‍ നല്‍കുന്നതിന് പേജ് എണ്ണം പരിമിതപ്പെടുത്തി സര്‍ക്കാര്‍ ചട്ടത്തില്‍ ഭേദഗതി വരുത്തിയത്.
ഫീസിളവിനായി ചട്ടം ദുരുപയോഗം ചെയ്യുന്നുവെന്നും കേരളത്തിനുപുറത്ത് ഈ നിയന്ത്രണമുണ്ടെന്നുമുള്ള വാദമാണ് സര്‍ക്കാര്‍ ഉന്നയിച്ചത്. എന്നാല്‍, വിവരാവകാശ നിയമത്തിലെ 7(5) വകുപ്പ് പ്രകാരം നിയമപരമായാണ് ഇളവ് നല്‍കിയിരിക്കുന്നതെന്നും ഇതില്‍ ഭേദഗതി സാധ്യമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
Kerala
കൊച്ചി: സിപിഐ നേതാവിനെ ഹൈക്കോടതിയില്‍ സീനിയര്‍ ഗവണ്മെന്റ് പ്ലീഡറായി നിയമിച്ചെന്ന വിവാദത്തിനു പിന്നാലെ അഡ്വ. പി. ദീപ്തി സ്ഥാനമേറ്റെടുക്കാതെ പിന്മാറി.
നിലവില്‍ സിപിഐ തൃപ്പൂണിത്തുറ ലോക്കല്‍ കമ്മിറ്റി അംഗമാണെന്ന വിവാദം ഉയര്‍ന്നതോടെ സ്ഥാനം ഏറ്റെടുക്കുന്നില്ലെന്ന് ദീപ്തി അഡ്വക്കറ്റ് ജനറലിനെ അറിയിക്കുകയായിരുന്നു.
മുമ്പ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഇവര്‍ ഗവ. പ്ലീഡറായിരുന്നുവെങ്കിലും പിന്നീട് സിപിഐയുടെ ഭാഗമായി എന്നാണു വിവരം. ഇതു കണക്കിലെടുക്കാതെ ദീപ്തിയെ സീനിയര്‍ ഗവ. പ്ലീഡറായി നിയമിക്കുകയായിരുന്നു.
ദേവസ്വം അഭിഭാഷകനായി നിയമിതനായ അഡ്വ. കെ.ബി. പ്രദീപ് സ്വര്‍ണക്കൊള്ളകേസിലെ പ്രതികള്‍ക്കായി ഹാജരായിരുന്നുവെന്ന വിമര്‍ശനം ഉയര്‍ന്നതിനെത്തുടര്‍ന്ന് രാജിവച്ചിരുന്നു.
Kerala
കൊച്ചി: ബലാത്സംഗം പൊതുസമൂഹത്തിനോടുള്ള കുറ്റകൃത്യമായതിനാല്‍ പ്രതിശ്രുതവരന് ബലപ്രയോഗത്തിലൂടെ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടെന്ന പരാതിയിലെടുത്ത കേസ് ഒത്തുതീര്‍പ്പായാലും റദ്ദാക്കാനാകില്ലെന്നു ഹൈക്കോടതി.
കമിതാക്കളായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥികളുടെ വിവാഹനിശ്ചയത്തിനുശേഷം വരന് തന്റെ വീട്ടില്‍വച്ച് ബലാത്സംഗം ചെയ്തുവെന്ന യുവതിയുടെ പരാതിയില്‍ കളമശേരി പോലീസെടുത്ത കേസ് റദ്ദാക്കാനാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ വിസമ്മതിച്ചത്.
സംഭവത്തിനുശേഷം തന്നെ കൂട്ടുകാര്‍ക്കുമുന്നില്‍ അധിക്ഷേപിച്ചെന്നും വിവാഹത്തിനു തയാറായില്ലെന്നും പരാതിയിലുണ്ടായിരുന്നു. എന്നാല്‍, തമ്മില്‍ വിവാഹിതരാകുന്നതിനാല്‍ കേസ് തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാക്കി പരാതിക്കാരി നല്കിയ സത്യവാങ്മൂലത്തോടൊപ്പമായിരുന്നു കേസ് റദ്ദാക്കാനുള്ള വരന്റെ ഹര്‍ജി.
എന്നാല്‍, കുറ്റകൃത്യം നടന്നുവെന്ന പരാതിക്കാരിയുടെ മൊഴിപ്രകാരമാണ് പോലീസ് കേസെടുത്തതെന്നും അവിവാഹിതയായ യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവം സമൂഹത്തിനെതിരായ ഗുരുതരവും ഹീനവുമായ കുറ്റകൃത്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഗുരുതരമായ കുറ്റകൃത്യത്തെ രണ്ടു വ്യക്തികള്‍ തമ്മിലുള്ള സ്വകാര്യ തര്‍ക്കമായി മാത്രം കാണാനാകില്ല. അതിനാല്‍ ഒത്തുതീര്‍പ്പ് ഈ കേസില്‍ ബാധകമല്ല. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടു നേരത്തേ സമാനരീതിയില്‍ കോടതിയെ സമീപിച്ചെങ്കിലും പിന്നിട് ഹര്‍ജി പിന്വലിച്ചതില്നിന്നു യുവതിക്ക് ഇക്കാര്യത്തില്‍ വ്യക്തമായ നിലപാടില്ലന്നു വ്യക്തമാണെന്നും കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് ഹര്‍ജി തള്ളിയത്.
Kerala
പാലക്കാട്: പാലക്കാട് ജില്ലയിൽ കഴിഞ്ഞ 10 വർഷത്തിനിടെ 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചെന്ന സിബിഐയുടെ കണ്ടെത്തലിൽ റിപ്പോർട്ട് തേടി ഹൈക്കോടതി. രണ്ട് മാസത്തിനകം റിപ്പോർട്ട് നൽകാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
കൊല്ലങ്കോട് 12കാരിയുടെ ദുരൂഹ മരണത്തെ കുറിച്ച് അന്വേഷിക്കാൻ സിബിഐയ്ക്ക് ഹൈക്കോടതി നിർദേശം നൽകിയിരുന്നു. കുട്ടി ആത്മഹത്യ ചെയ്യുന്നതിന് മുൻപ് ലൈംഗിക അതിക്രമത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. കഴിഞ്ഞ 10 വർഷത്തിലേറെയായി ക്രൈം ബ്രാഞ്ച് ആണ് അന്വേഷണം നടത്തിയത്.
ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ വ്യക്തത ഉണ്ടാകാത്ത സാഹചര്യത്തിലാണ് കോടതി കേസ് സിബിഐക്ക് കൈമാറിയത്. സമാനമായ മറ്റ് 23 കേസുകളിലും സിബിഐയോട് കോടതി റിപ്പോർട്ട് തേടുകയായിരുന്നു. വാളയാർ കുട്ടികളുടെ ആത്മഹത്യയിൽ സിബിഐ നൽകിയ കുറ്റപത്രത്തിലാണ് ദുരൂഹമരണങ്ങളെക്കുറിച്ച് പരാമർശം ഉണ്ടായത്.
വാളയാർ പെൺകുട്ടികളുടെ ദുരൂഹമരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ നൽകിയ കുറ്റപത്രത്തിൽ കഴിഞ്ഞ 10 വർഷത്തിനുള്ളിൽ പാലക്കാട് ജില്ലയിൽ 13 വയസ്സിനു താഴെയുള്ള 28 കുട്ടികൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചുവെന്ന് പരാമർശിച്ചിരുന്നു. ഇതേ തുടർന്നാണ് സിബിഐയോട് കോടതി റിപ്പോർട്ട് തേടിയിരിക്കുന്നത്.
Kerala
കൊച്ചി: മഴക്കാലത്ത് നഗരത്തിലെ തോടുകളുടെയും കനാലുകളുടെയും ശുചീകരണവും വെള്ളക്കെട്ട് നിവാരണ നടപടികളും സംബന്ധിച്ച് ജില്ലാ കളക്ടറുടെ മേല്‍നോട്ട സമിതി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി.
ആവശ്യമായ ചര്‍ച്ചകളും പരിശോധനകളും പൂര്‍ത്തിയാക്കി അടുത്ത വ്യാഴാഴ്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്റെ നിര്‍ദേശം. പ്രവൃത്തികളുടെ പുരോഗതിയും ഭാവിയും പ്രശ്നങ്ങളും അവ നേരിടുന്നതുമടക്കം കാര്യങ്ങള്‍ ചര്‍ച്ച നടത്തി വേണം റിപ്പോര്‍ട്ട് നല്‍കാനെന്നും കോടതി നിര്‍ദേശിച്ചു.
റോഡില്‍ വലിയ ഗര്ത്തങ്ങളുണ്ടാകാതിരിക്കാന് അധികൃതര്‍ ജാഗ്രത പുലര്‍ത്തണം. അപകട മരണങ്ങളും പരിക്കുകളും വലിയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും കോടതി വ്യക്തമാക്കി. റോഡുകളുടെയും കനാലുകളുടെയും ശോച്യാവസ്ഥ സംബന്ധിച്ച ഹര്‍ജികളാണ് കോടതി പരിഗണിച്ചത്.
താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് ഉണ്ടാകുന്നുണ്ടെന്നും കനാലുകളുടെ ശുചീകരണം സമ്പൂര്ണമായിട്ടില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. കനാലുകളിലെ റെയില്‍വേ കള്വര്ട്ടുകള്ക്ക് കീഴെ അടിയുന്ന അവശിഷ്ടങ്ങള്‍ നീക്കിയിട്ടുണ്ടെന്ന് റെയില്‍വേയും കോര്‍പറേഷനും കോടതിയെ അറിയിച്ചു.
എന്നാല്‍, കള്വര്ട്ടുകള്ക്ക് സമീപം ദ്രവിക്കാത്ത വലകള്‍ സ്ഥാപിക്കുന്നത് ഉചിതമായിരിക്കുമെന്നും അമിക്കസ് ക്യൂറി നിര്‍ദേശിച്ചു.
Kerala
കൊച്ചി: എന്‍ജിനിയറിംഗ് പ്രവേശനത്തിനുള്ള കീം റാങ്ക് പട്ടിക തയാറാക്കുന്നതിനായി സര്‍ക്കാര്‍ നടപ്പാക്കിയ പുതിയ നോര്മലൈസേഷന് രീതി ശരിവച്ച് ഹൈക്കോടതി.
പുതിയ രീതി പ്രകാരം തയാറാക്കിയ 2026ലെ പ്രോസ്പെക്ടസിലെ വ്യവസ്ഥകള്‍ സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് ദോഷകരമാണെന്നും വിദഗ്ധ പഠനം നടത്താതെയാണ് ഈ രീതി നടപ്പാക്കിയതെന്നുമാരോപിച്ച് ഒരുകൂട്ടം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജികള്‍ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളി.
വിദ്യാഭ്യാസ ബോര്‍ഡുകള്‍ തമ്മിലുള്ള മാര്‍ക്ക് വ്യത്യാസം പരിഹരിക്കാന്‍ തമിഴ്നാട് മാതൃകയില്‍ കൊണ്ടുവന്ന നോര്മലൈസേഷന് രീതി വിദഗ്ധ പഠനം നടത്താതെ നടപ്പാക്കിയതാണെന്നായിരുന്നു പ്രധാന ആരോപണം.
എന്നാല്‍ തമിഴ്നാട്ടില്‍ ഈ രീതി വിജയകരമായി തുടരുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഈ രീതി ശിപാര്‍ശ ചെയ്ത പ്രവേശനപരീക്ഷാ കമ്മീഷണര്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടര്‍, എസ്സിഇആര്ടി ഡയറക്ടര്‍ എന്നിവരടങ്ങിയ സമിതി വിദ്യാഭ്യാസരംഗത്തെ വിദഗ്ധരല്ലെന്ന ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കാനാകില്ല.
പുതിയ നോര്മലൈസേഷന് രീതിയില്‍ അസ്വാഭാവികതയോ നിയമവിരുദ്ധമായ കാര്യങ്ങളോ കണ്ടെത്താനായില്ല. പുതിയ രീതി പ്രകാരം ഒരു വിദ്യാര്‍ഥിയുടെയും മാര്‍ക്ക് കുറയുന്ന സാഹചര്യം ഉണ്ടാകില്ല.
പ്രവേശനപരീക്ഷാ രീതികളിലും മൂല്യനിര്‍ണയത്തിലും മാറ്റം വരുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ട്. ഭരണഘടനാ വിരുദ്ധമോ പ്രകടമായ വിവേചനമോ ഇല്ലാത്തപക്ഷം കോടതികള്‍ ഇത്തരം നയപരമായ തീരുമാനങ്ങളില്‍ ഇടപെടുന്നത് ഉചിതമല്ല.
ഹര്‍ജിക്കാരില്‍ ചിലര്‍ ഈ വര്‍ഷത്തെ പരീക്ഷ എഴുതാന്‍ അര്‍ഹതയില്ലാത്ത പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥികളായതിനാല്‍ അവരുടെ വാദത്തിന് സാധുതയില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കേരളതീരത്ത് അറബിക്കടലിൽ മുങ്ങിയ എംഎസ് സി എൽസ–3 കപ്പലിന് ചരിവും ബല്ലാസ്റ്റ് ടാങ്കിന് ചോർച്ചയും കണ്ടെത്തിയത് കപ്പൽ കമ്പനിയെ അറിയിച്ചിരുന്നെന്ന് അദാനി വിഴിഞ്ഞം പോർട്സ് ഹൈക്കോടതിയെ അറിയിച്ചു.
യാത്രായോഗ്യമെന്ന് ഡിജി ഷിപ്പിംഗിന്റെ സർട്ടിഫിക്കറ്റ് ഉള്ളതിനാൽ കപ്പൽ പിടിച്ചുവയ്ക്കാൻ തുറമുഖ അധികൃതർക്ക് കഴിയില്ലായിരുന്നുവെന്നും പോർട്ട് സിഇഒ പ്രദീപ് ജയരാമൻ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
2025 മേയ് 21ന് വിഴിഞ്ഞം തുറമുഖത്ത് എത്തിയ കപ്പലിൽ കണ്ടെയ്നറുകൾ കയറ്റുന്ന ജോലി തുടങ്ങി മണിക്കൂറുകൾക്കകം കപ്പലിന് ഒരു വശത്തേക്ക് മൂന്ന് ഡിഗ്രി ചരിവു കണ്ടെത്തിയത് ഷിപ് മാസ്റ്ററെ അറിയിച്ചിരുന്നു. തുടർന്ന് കപ്പലിന്റെ ലോഡ് പ്ലാൻ മാറ്റി. പിന്നീടും സമാന പ്രശ്നങ്ങൾ തുടർന്നു. ബല്ലാസ്റ്റ് ടാങ്കിൽനിന്ന് വെള്ളം പുറത്തേക്ക് വരുന്നതും കണ്ടു. ഇതെല്ലാം വീണ്ടും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്ന് കപ്പലിന്റെ ലോഡ് പ്ലാൻ വീണ്ടും മാറ്റിയിരുന്നു.
ഹാനികരമായ ചരക്ക് ഉൾപ്പെടുന്ന 13 കണ്ടെയ്നറുകൾ കസ്റ്റംസ് നിയമപ്രകാരം കരുതലോടെയാണ് കൈകാര്യം ചെയ്തത്. ലോഡ് കയറ്റുന്ന സ്ഥലത്ത് സ്കാൻ ചെയ്തിട്ടുണ്ടെങ്കിൽ വിഴിഞ്ഞത്ത് വീണ്ടും ആവർത്തിക്കാറില്ലെന്നും സുരക്ഷാ പ്രോട്ടോകോളിൽ വീഴ്ചയുണ്ടായിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മത്സ്യത്തൊഴിലാളി ഐക്യവേദി പ്രസിഡന്റ് ചാൾസ് ജോർജ് നൽകിയ ഹർജിയിലാണ് അദാനി പോർട്സിന്റെ വിശദീകരണം.
Kerala
കൊച്ചി: കേരളതീരത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്സി എല്‍സ 3 കപ്പലിലെ മൂന്നു ജീവനക്കാർക്കു നാട്ടിലേക്കു മടങ്ങാന്‍ ഹൈക്കോടതിയുടെ അനുമതി.
അതേസമയം, ക്യാപ്റ്റനടക്കം നാലു പേരുടെ കാര്യത്തില്‍ പിന്നീട് തീരുമാനമെടുക്കാന്‍ മാറ്റി. യുക്രെയ്ന് സ്വദേശി ഹോര്ഡിയേവ് വലേരി, ഫിലിപ്പീന്‍സ് സ്വദേശികളായ കാസ്റ്റനേഡ റൊണാള്‍സ് പുന്സാലന്, വെലാസ്കോ റയാന് ഒന്റോലന് എന്നിവര്‍ക്കാണു കര്‍ശന ഉപാധികളോടെ ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് അനുമതി നല്‍കിയത്. നേരത്തെ 17 പേരെ വിട്ടയച്ചിരുന്നു. കപ്പലിന്റെ ക്യാപ്റ്റന്‍ ഇവാനോവ് അലക്സാണ്ടര്‍ അടക്കം ഏഴു പേരാണ് നാട്ടിലേകുക് മടങ്ങാന്‍ അനുമതി തേടി കോടതിയെ സമീപിച്ചത്.
മര്‍ച്ചന്റ് ഷിപ്പിംഗ് നിയമ പ്രകാരം അന്വേഷണത്തിനായി കേന്ദ്ര സര്‍ക്കാര്‍ നല്കിയ പരാതിയില്‍ ക്യാപ്റ്റന്റെയും ചീഫ് എന്‍ജിനിയര്‍ ഒലെക്സി ചോര്ണെയുടെയും മൊഴി രേഖപ്പെടുത്തല്‍ നേരത്തെയാക്കേണ്ടതിനാല് 12 ന് ഇവരോട് തോപ്പുംപടി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാന്‍ കോടതി നിര്‍ദേശം നല്കി.
കപ്പലിലെ ചീഫ് ഓഫീസര്‍ അടക്കമുള്ളവര്‍ ഫോര്‍ട്ടുകൊച്ചി പോലീസ് രജിസ്റ്റര്‍ ചെയ്ത് ക്രിമിനല്‍ കേസില്‍ പ്രതികളാണ്. പ്രതികളല്ലാത്തവരും അന്വേഷണ റിപ്പോര്‍ട്ടില്‍ ഉള്പ്പെടാത്തവരെയുമാണ് വിട്ടയയ്ക്കാന് നിര്‍ദേശിച്ചിട്ടുള്ളത്.
പോലീസ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും അപാകതയുള്ളതിനാല്‍ തിരുത്തി നല്കാന് നിര്‍ദേശിച്ചിട്ടുണ്ട്. ഈ കേസില്‍ പ്രതികളായ ജീവനക്കാര്‍ക്ക് ജാമ്യം അനുവദിച്ച് നാട്ടിലേക്കു മടങ്ങാന്‍ അനുവദിക്കണമെന്ന ആവശ്യം ഹര്‍ജിക്കാര്‍ ഉന്നയിച്ചെങ്കിലും നടപടികള്‍ വേഗത്തിലാകാന്‍ നിര്‍ദേശിക്കാമെന്നു മാത്രമാണു കോടതി പ്രതികരിച്ചത്. തുടര്‍ന്ന് ഹര്‍ജി വീണ്ടും 15നു പരിഗണിക്കാന്‍ മാറ്റി.
അതേസമയം, കപ്പല്‍ ജീവനക്കാരെ സ്വന്തം രാജ്യത്തേക്കു മടങ്ങാന്‍ അനുവദിക്കരുതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
കടലില്‍ മുങ്ങിക്കിടക്കുന്ന കപ്പല്‍ സുരക്ഷിതമാണെന്ന ഉടമകളുടെ വാദത്തെ എതിര്‍ത്ത കേന്ദ്ര സര്‍ക്കാര്‍, മുങ്ങിയ കപ്പല്‍ ജലഗതാഗതത്തിനു തടസമാണെന്നും മലിനീകരണ, പാരിസ്ഥിതിക ഭീഷണിയുണ്ടാക്കുന്നതായും ചൂണ്ടിക്കാട്ടി. ജീവനക്കാരുടെയടക്കം വീഴ്ചയാണ് അപകടത്തിനു കാരണം.
നിലവില്‍ ജുഡീഷല്‍ അന്വേഷണം നടക്കുകയാണെന്നും ജീവനക്കാരെ വിട്ടയയ്ക്കരുതെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു.
Kerala
കൊച്ചി: ജില്ലാ കോടതി കേസ് മാനേജ്മെന്റ് സംവിധാനവുമായി ബന്ധപ്പെട്ടു കേരള ഹൈക്കോടതിക്ക് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം. മികച്ച ഇ ഗവേണന്‍സിനുള്ള പുരസ്കാരമാണ് ഹൈക്കോടതിക്കു ലഭിച്ചത്.
നേരത്തേ സംസ്ഥാന സര്‍ക്കാരിന്റെ ഇ ഗവേണന്‍സ് പുരസ്കാരവും ലഭിച്ചിരുന്നു. ജില്ലാ കോടതിയിലെ കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഒറ്റ ക്ലിക്കില്‍ ലഭിക്കുന്ന സംവിധാനം രാജ്യത്തുതന്നെ ആദ്യമായി വിജയകരമായി നടപ്പാക്കിയതാണ് ഹൈക്കോടതിയില ഐടി വിഭാഗത്തെ തേടി അംഗീകാരമെത്താനിടയാക്കിയത്.
എഐ അധിഷ്ഠിത ഡിജിറ്റൈസ് സംവിധാനം സംസ്ഥാനത്തെ 680 കോടതികളെയും ബന്ധിപ്പിച്ചു നടപ്പാക്കുകയും മൊബൈല്‍ ആപ് വികസിപ്പിക്കുകയും ചെയ്തതടക്കം നടപടികള്‍ പൂര്‍ത്തിയാക്കി.
വയനാട് ജില്ലയിലെ എല്ലാ കോടതികളും ഇപ്പോള്‍ കടലാസ് രഹിതമാണ്. കേസിന്റെ നിലവിലെ സ്ഥിതിയും ഏതു ബെഞ്ചിലാണ് കേസ് വരുന്നത് എന്നതടക്കമുള്ള വിവരങ്ങള്‍ ലഭ്യമാകും. വിധിപ്പകര്‍പ്പുകള്‍ ഓണ്‍ലൈനായും ലഭിക്കും. കേരള മാതൃക പിന്തുടര്ന്ന് സിക്കിമിലും ജില്ലാ കോടതികളുടെ ഡിജിറ്റൈസേഷന് നടത്തിയിട്ടുണ്ട്.
Kerala
തൃശൂർ: കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) അന്വേഷണവുമായി മുന്നോട്ട് പോകാമെന്ന കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിയിൽ പ്രതികരണവുമായി ബിജെപി നേതാവും പരാതിക്കാരനുമായ ഷോൺ ജോർജ്. ഇന്ത്യൻ നിയമവ്യവസ്ഥയെ പണം കൊടുത്ത് വിലയ്ക്ക് വാങ്ങാൻ കഴിയില്ലെന്ന് തെളിയിക്കുന്നതാണ് ഈ വിധിയെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
കേസിൽ ഇനി പുതുതായി തെളിവ് ശേഖരിക്കേണ്ട ആവശ്യമുണ്ടെന്ന് കരുതുന്നില്ലെന്ന് പറഞ്ഞ ഷോൺ ജോർജ്, മാത്യു കുഴൽനാടൻ നൽകിയ കേസും തന്റെ കേസും രണ്ടാണെന്നും കൂട്ടിച്ചേർത്തു. "നടന്നത് വ്യക്തമായ ക്രിമിനൽ കുറ്റമാണ്, അതിന് ആർക്കും ഇമ്യൂണിറ്റി (പരിരക്ഷ) ഇല്ല. സംസ്ഥാന സർക്കാരിന് വലിയ ഓഹരി പങ്കാളിത്തമുള്ള കെഎസ്ഐഡിസി പോലെയുള്ള പൊതുമേഖലാ സ്ഥാപനം ഉൾപ്പെട്ട കമ്പനിയിലാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ സാമ്പത്തിക തിരിമറി നടത്തിയത്. ഇതിനായി അവർ നൽകിയ ജിഎസ്ടി ഇൻവോയ്സുകൾ വ്യാജമാണ്," ഷോൺ ജോർജ് ആരോപിച്ചു.
നൽകാത്ത സേവനത്തിനാണ് ഇവിടെ പണം കൈപ്പറ്റിയിരിക്കുന്നത്. ഇതിലൂടെ ജിഎസ്ടി തട്ടിപ്പും നടന്നിട്ടുണ്ട്. അതിനാൽ സംസ്ഥാന സർക്കാരിന് വേണമെങ്കിലും ഈ വിഷയത്തിൽ കേസെടുക്കാവുന്നതാണ്. വീണ വിജയൻ ഇവിടെ വെറുമൊരു ഇടനിലക്കാരി മാത്രമാണെന്നും ഈ കേസിലെ യഥാർത്ഥ പ്രതി മുഖ്യമന്ത്രി പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. സ്വജനപക്ഷപാതത്തിന് പകരമായാണ് സിഎംആർഎൽ ഈ പണം നൽകിയതെന്നും ഷോൺ ജോർജ് തുറന്നടിച്ചു.
Kerala
കൊച്ചി: കിഴക്കമ്പലം മലയിടംതുരുത്ത് പര്യത്ത് ഉന്നതിയിലെ കോളനി കുടിയൊഴിപ്പിക്കാനുള്ള പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ ഉത്തരവിനു പിന്നാലെ ഉപഹര്‍ജിയുമായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍.
മുന്‍സിഫ് കോടതിയുടെ പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തില്‍ കുടിയൊഴിപ്പിക്കല്‍ നടപടികള്‍ തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി നേരത്തേ പരിഗണിക്കണമെന്നാവശ്യപ്പെട്ടാണു സര്‍ക്കാരിന്റെ ഉപഹര്‍ജി. ഹര്‍ജി ഇന്നു കോടതി പരിഗണിക്കും.
സര്‍ക്കാരിനുവേണ്ടി എറണാകുളം റൂറല്‍ എസ്പിയും എസ്എച്ച്ഒയും നല്കിയ ഹര്‍ജിയില്‍ കുടിയൊഴിപ്പിക്കലിന് ഹൈക്കോടതി അനുവദിച്ച രണ്ടാഴ്ച സമയം ഈ മാസം ഒമ്പതിന് അവസാനിക്കുന്ന സാഹചര്യത്തിലാണ് മുന്‍സിഫ് കോടതി ഉത്തരവുണ്ടായത്.
ഒഴിപ്പിക്കല്‍ ഉത്തരവ് നടപ്പാക്കാനാവശ്യമായ സഹായം ആമീനും അഡ്വക്കറ്റ് കമ്മീഷനും നല്കാന് ആലുവ റൂറല്‍ എസ്പിക്ക് അടക്കം മുന്‍സിഫ് കോടതി നിര്‍ദേശം നല്കി.
Kerala
കൊച്ചി: തിരുവനന്തപുരം അട്ടക്കുളങ്ങര വനിതാ ജയില്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ പഴയ വനിതാ ബ്ലോക്കിലേക്കു മാറ്റുന്നത് ഇനിയൊരു ഉത്തരവുവരെ തടഞ്ഞ് ഹൈക്കോടതി. ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനം നടപ്പാക്കുന്നതാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് താത്കാലികമായി തടഞ്ഞത്.
പുരുഷന്മാരുടെ ജയിലിന്റെ ഒരു ഭാഗത്തുള്ള പഴയ വനിതാബ്ലോക്കിലേക്കു മാറ്റുന്നത് വനിതാ തടവുകാരുടെ അന്തസും സ്വകാര്യതയുമടക്കം ലംഘിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി സഖി വുമന്‍സ് റിസോഴ്സ് സെന്റര്‍ നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.
എന്നാല്‍, അട്ടക്കുളങ്ങര ജയില്‍ താത്കാലിക സ്പെഷല്‍ സബ് ജയിലാക്കി മാറ്റാനാണ് വനിതാ ജയില്‍ മാറ്റുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
Kerala
കൊച്ചി: 2013 ലെ നിയമം നിലവില്‍ വരുംമുമ്പ് തുടങ്ങിവച്ച ഭൂമി ഏറ്റെടുക്കല്‍ നടപടിയിലെ അന്തിമ നഷ്ടപരിഹാരത്തുക 2014 ജനുവരി ഒന്നിനുശേഷമാണ് അനുവദിക്കുന്നതെങ്കില്‍ 2013 ലെ നിയമം ബാധകമാകുമെന്ന് ഹൈക്കോടതി.
2013 ലെ ഭൂമി ഏറ്റെടുക്കല്‍നിയമം നിലവില്‍ വന്നത് 2014 ജനുവരി ഒന്നിനാണ്. അതിനു ശേഷവും പഴയ നിയമ പ്രകാരം നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് ജസ്റ്റീസ് പി.എം. മനോജ് വ്യക്തമാക്കി.
പുതിയ നിയമം വന്നശേഷവും പഴയ നിയമപ്രകാരമുള്ള നഷ്ടപരിഹാരം നല്കിയതു റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. എറണാകുളം എംജി റോഡിനു സമീപമുള്ള ഭൂമിക്ക് 1894 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം കുറഞ്ഞ നഷ്ടപരിഹാരം നല്‍കിയതിനെതിരേ ചെന്നൈ രവികുമാര്‍ പ്രോപ്പര്‍ട്ടീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
തേവരയിലെ അറ്റ്ലാന്റിസ് റെയില്‍വേ മേല്‍പ്പാലത്തിനായി 161.568 സെന്റ് ഭൂമി ഏറ്റെടുക്കാനുള്ള 2013 ജൂലൈയിലെ കരാറിന്റെ അടിസ്ഥാനത്തില്‍ ഹര്‍ജിക്കാര്‍ക്കു ലഭിക്കേണ്ട 39.17 കോടിയില്‍ പകുതി തുക നല്‍കിയെങ്കിലും ബാക്കി തുക 2015 ലും 2016 ലുമാണ് അനുവദിച്ചത്.
ഇതിനിടെ 2013 ലെ പുതിയ നിയമം വന്ന സാഹചര്യത്തില്‍ ഇതുപ്രകാരമുള്ള നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. മാത്രമല്ല, തങ്ങളെ നിര്‍ബന്ധിച്ചാണു കരാറില്‍ ഒപ്പുവയ്പിച്ചതെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
ഇരുകക്ഷികളും തമ്മിലുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് ഭൂമി ഏറ്റെടുത്തതെന്നായിരുന്നു എതിര്‍കക്ഷികളുടെ വാദം. എന്നാല്‍, ഈ വാദം തള്ളിയ കോടതി 2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നല്‍കേണ്ട നഷ്ടപരിഹാരത്തുക എത്രയെന്ന് മൂന്നു മാസത്തിനകം തീരുമാനിച്ച് കൈമാറണമെന്ന് കോടതി നിര്‍ദേശിച്ചു.
Kerala
കൊച്ചി: മെഡിക്കല്‍ കോളജുകളില്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ദുരിതം പഠിക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയമിക്കണമെന്ന് ഹൈക്കോടതി.
മെഡിക്കല്‍ വിദ്യാര്‍ഥികളോടുള്ള അധ്യാപകരുടെയും അധികൃതരുടെയും മോശം സമീപനം സംബന്ധിച്ച പരാതി ഏറിവരുന്നതു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ വാക്കാലുള്ള നിര്‍ദേശം.
പഠനകാലത്ത് തനിക്കു നേരിടേണ്ടിവന്ന പീഡനം ഈ കുട്ടികളും അനുഭവിക്കട്ടേയെന്ന അമ്മായിയമ്മ സിന്‍ഡ്രോം ആകാം മിടുക്കന്മാരായ കുട്ടികളുടെ ഭാവി ഇന്റേണല്‍ മാര്‍ക്കിന്റെ പേരില്‍ തകര്‍ക്കുന്ന ഇത്തരം പ്രവണതകള്‍ക്കു കാരണമെന്നും കോടതി വാക്കാല്‍ അഭിപ്രായപ്പെട്ടു.
അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ അധ്യാപകന് ഡോ. എം.കെ. റാമിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.
അച്ചടക്കകാര്യത്തില്‍ കണിശത കാട്ടുന്ന തന്നോട് കുട്ടികള്‍ക്കു ദേഷ്യമാണെന്നും താനല്ല നിതിന്റെ മരണത്തിനു കാരണമെന്നുമായിരുന്നു ഡോ. റാമിന്റെ വാദം. മാധ്യമ വിചാരണ കോടതിയുടെ നിലപാടിനെ ബാധിക്കരുതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നും ഹര്ജിക്കാരന് ആവശ്യപ്പെട്ടു.
എന്നാല്‍, ഹര്‍ജിക്കാരനെതിരേ കുട്ടികളുടെയടക്കം മൊഴിയുണ്ടെന്നും മറ്റു തെളിവുകളുമുണ്ടെന്നായിരുന്നു പ്രോസിക്യൂഷന് വാദം. ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാന്‍ മാറ്റി.
Kerala
കൊച്ചി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ പ്രത്യേക ഐടി ഡയറക്ടറേറ്റ് സജ്ജമാക്കുന്നതുമായി ബന്ധപ്പെട്ടു നിര്‍ദേശം നല്കാന്, സമഗ്ര ഡിജിറ്റൈസേഷന് പദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. സന്തോഷ് ബാബു ഓണ്‍ലൈനായി അഞ്ചിനു ഹാജരാകണമെന്ന് ഹൈക്കോടതി.
നിലവിലെ സാഹചര്യത്തില്‍ പ്രത്യേക ഡയറക്ടറേറ്റ് ഉചിതമായിരിക്കുമെന്നു വിലയിരുത്തിയാണ് ജസ്റ്റീസുമാരായ വി. രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ദേവസ്വം ബെഞ്ചിന്റെ നിര്‍ദേശം. ഐടി മേഖലയില്‍ വിദഗ്ധരായ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ നല്കാന് ദേവസ്വം ബോര്‍ഡിനും നിര്‍ദേശം നല്കി.
ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയടക്കം ക്ഷേത്രങ്ങളുടെയും അക്കൗണ്ടുകള്‍ സുതാര്യമാക്കാന്‍ സമ്പൂര്‍ണ കംപ്യൂട്ടറൈസേഷന് നടപ്പാക്കാന്‍ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
ഇതിനുള്ള കണ്‍സള്‍ട്ടന്‍സിയായി പൊതുമേഖലാ സ്ഥാപനമായ കിറ്റ്ഫ്രയുമായി ധാരണാപത്രം ഒപ്പുവച്ചതായും പദ്ധതി നടത്തിപ്പിനു പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് രൂപീകരിച്ചതായും ബോര്‍ഡ് കോടതിയെ അറിയിച്ചു. ഇതിനുള്ള ബജറ്റ് വിഹിതം വകയിരുത്തിയതായും ബോര്‍ഡ് വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ ട്രാഫിക് നിയന്ത്രണത്തിന്റെ ഭാഗമായി എഐ കാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട കരാര്‍ തുക സമയബന്ധിതമായി ലഭിക്കാത്തതിന് കരാറുകാരുടെ ഹര്‍ജി.
നിലവില്‍ 36.95 കോടി രൂപ ലഭിക്കാനുണ്ടെന്നതടക്കം ചൂണ്ടിക്കാട്ടി കരാര്‍ കമ്പനിയായ എസ്ആര്‍ഐടി മാനേജിംഗ് ഡയറക്ടര്‍ ഡോ. മധുസൂദനന് നമ്പ്യാര്‍ നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് സര്‍ക്കാരിന്റെ വിശദീകരണം തേടി.
കരാര്‍ പ്രകാരം മുഴുവന്‍ പദ്ധതിത്തുകയും സര്‍ക്കാര്‍ അഞ്ചു വര്‍ഷത്തിനിടെ 20 തുല്യ ത്രൈമാസ ഗഡുക്കളായി നല്‍കേണ്ടതാണെങ്കിലും ലഭ്യമാകുന്നില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.
സേഫ് കേരള പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് കെല്‍ട്രോണിന്റെ നിയന്ത്രണത്തില്‍ എഐ അധിഷ്ഠിത ട്രാഫിക് എന്‍ഫോഴ്സ്മെന്റ് സംവിധാനം നടപ്പാക്കിയത്.
സര്‍ക്കാര്‍ കെല്‍ട്രോണിനു നല്കുന്ന പണമാണ് അവര്‍ നിര്‍വഹണക്കരാര്‍ ലഭിച്ച ബംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹര്‍ജിക്കാര്‍ക്കു നല്‍കേണ്ടത്. സര്‍ക്കാര്‍ പണം കൈമാറാത്തതാണു പ്രശ്നമെന്ന് ഹര്‍ജിയില്‍ പറയുന്നു.
Kerala
കൊച്ചി: കാടുപിടിച്ച് കിടക്കുന്ന പറമ്പുകളിൽ വിഷപ്പാമ്പുകള്‍ വളര്‍ന്ന് അപകടകരമായ സാഹചര്യമുണ്ടായാല്‍ നടപടിയെടുക്കാന്‍ ഉടമയ്ക്കു നോട്ടീസ് നല്കി കാത്തിരിക്കേണ്ടതില്ലെന്ന് തദ്ദേശസ്ഥാപനങ്ങളോടു ഹൈക്കോടതി. ഇത്തരം സാഹചര്യങ്ങളില്‍ തദ്ദേശസ്ഥാപനങ്ങള്‍ കാഴ്ചക്കാരായി മാറരുത്.
പൊതുശല്യമായി വിഷയത്തെ കണ്ട് നടപടിയെടുക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ട് 238, 239 വകുപ്പുകള്‍ പ്രകാരം തദ്ദേശസ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
അയല്പക്കത്തെ കാടുപിടിച്ച പറമ്പില്‍നിന്ന് വിഷജന്തുക്കളുടെ ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി മാവേലിക്കര തെക്കേക്കര സ്വദേശി ജിജി വര്‍ഗീസ് നല്കിയ ഹര്‍ജിയിലാണ് ഉത്തരവ്.
ഹര്ജിക്കാരന് തന്റെ വീടിനോടു ചേര്‍ന്ന് കാടുപിടിച്ചു കിടക്കുന്ന പറമ്പിലെ പാമ്പുശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ പോര്‍ട്ടലില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ വില്ലേജ് ഓഫീസില്‍നിന്നു വിവരങ്ങള്‍ തേടിയിട്ടും പറമ്പിന്റെ ഉടമയെ കണ്ടെത്താനായില്ലെന്നായിരുന്നു പഞ്ചായത്തിന്റെ മറുപടി.
അതിനാല്‍ നോട്ടീസ് നല്കാന് കഴിയില്ലെന്നും പഞ്ചായത്ത് കോടതിയെ അറിയിച്ചു. ഉടമയെ അറിയില്ലെങ്കില്പ്പോലും പഞ്ചായത്ത് സ്വന്തം നിലയ്ക്കു കാട് വെട്ടിത്തെളിക്കണം. ഇതിന്റെ ചെലവ് പിന്നീട് ഉടമയെ കണ്ടെത്തി ഈടാക്കാവുന്നതാണ്.
ഹര്‍ജിക്കാരന്റെ വീടിനു സമീപത്തെ കാട് പത്തു ദിവസത്തിനകം വെട്ടിത്തെളിക്കാന്‍ നിര്‍ദേശിച്ച കോടതി ഉത്തരവ് കേരളത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങള്‍ക്കും ബാധകമാണെന്നും വ്യക്തമാക്കി.
Kerala
കൊച്ചി: മാസപ്പടി കേസിൽ കരിമണൽ കമ്പനിയായ സിഎംആർഎൽ നൽകിയ ഹർജിയിൽ ഹൈക്കോടതി വെള്ളിയാഴ്ച വിധി പറയും. കേസുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന നടപടികളിൽ താത്കാലിക ആശ്വാസം തേടിയാണ് കമ്പനി കോടതിയെ സമീപിച്ചത്. കേസ് വിധി പറയാനായി മാറ്റിയ സാഹചര്യത്തിൽ, അതുവരെ തൽസ്ഥിതി തുടരണമെന്ന് കോടതി ഇ.ഡിക്ക് നിർദേശം നൽകി.
മുൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് ഇ.ഡി അന്വേഷണം നടത്തുന്നത്. ഈ അന്വേഷണത്തിന്റെ ഭാഗമായി സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുന്നതിനും രേഖകൾ പിടിച്ചെടുക്കുന്നതിനും എതിരെയാണ് കമ്പനി കോടതിയിൽ ഹർജി നൽകിയത്. തങ്ങൾ നിയമപരമായ ഇടപാടുകളാണ് നടത്തിയതെന്നും ഇഡിയുടെ നടപടികൾ ബിസിനസിനെ ബാധിക്കുന്നു എന്നുമാണ് സിഎംആർഎൽ വാദം.
എന്നാൽ, സേവനങ്ങളൊന്നും നൽകാതെയാണ് കോടിക്കണക്കിന് രൂപ കൈമാറിയതെന്നും ഇതിന് പിന്നിൽ കൃത്യമായ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചത്. ഇരുഭാഗത്തിന്റെയും വിശദമായ വാദങ്ങൾ പൂർത്തിയായതോടെയാണ് കോടതി കേസ് വെള്ളിയാഴ്ച വിധി പറയാനായി മാറ്റിയത്. കേസിൽ വെള്ളിയാഴ്ച വരുന്ന കോടതി ഉത്തരവ് മുൻ മുഖ്യമന്ത്രിയുടെ കുടുംബത്തിനും സിഎംആർഎൽ നും ഒരുപോലെ നിർണായകമാകും.
Kerala
കൊച്ചി: മാസപ്പടി കേസിൽ സിഎംആർഎല്ലിനും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ വിജയനും ഇന്ന് നിർണായകം. കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇന്ന് പരിഗണിക്കും.
സിഎംആർഎൽ ആണ് ഇഡി അന്വേഷണം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ റെയ്ഡിലൂടെ കണ്ടെത്തിയ തെളിവുകള്‍ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി നീക്കം.
ജസ്റ്റിസ് രാജാവിജയരാഘവന്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ചിന് മുന്നില്‍ ഇന്ന് നടക്കുന്ന വാദങ്ങളാകും മാസപ്പടി കേസിന്റെ ഭാവി നിര്‍ണയിക്കുക. റെയ്ഡിൽ കണ്ടെത്തിയ തെളിവുകൾ മുദ്രവച്ച കവറിൽ ഇഡി കോടതിയിൽ സമർപ്പിക്കും.
അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി കോടതിയിൽ ഹാജരാകുക. റെയ്ഡിനിടെയുണ്ടായ അനിഷ്ട സംഭവവും കോടതിയെ ധരിപ്പിക്കും.
Kerala
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കാനാകില്ലെന്നു വാക്കാല്‍ പരാമര്‍ശിച്ച് ഹൈക്കോടതി.
കൊല്ലം വിജിലന്‍സ് കോടതി ജാമ്യം അനുവദിച്ചു നടത്തിയ പരാമർശം ഒഴിവാക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ജാമ്യം റദ്ദാക്കണമെന്നും കുറ്റക്കാരനല്ലെന്ന വിചാരണക്കോടതിയുടെ പരാര്‍മർശം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്കിയ അപ്പീലാണ് കോടതി പരിഗണിച്ചത്.
Kerala
പാലക്കാട്: ആദിവാസി യുവാവ് മധുവിന്റെ കൊലപാതക കേസിൽ ശിക്ഷാവിധി റദ്ദാക്കണമെന്ന പ്രതികളുടെ അപ്പീലിൽ ഹൈക്കോടതി വിധി ഇന്ന്. പ്രതികൾ പുറത്തിറങ്ങുന്നത് തങ്ങളുടെ ജീവന് ഭീഷണിയാണെന്നാണ് മധുവിന്റെ കുടുംബത്തിന്റെ വാദം.
ശിക്ഷ വർധിപ്പിക്കണമെന്ന മധുവിന്റെ കുടുംബത്തിന്റെ അപ്പീലിലും ഇന്ന് ഹൈക്കോടതി തീരുമാനം ഉണ്ടാകും. 2018 ഫെബ്രുവരി 22ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്.
കേസിൽ 13 പ്രതികൾക്ക് മണ്ണാർക്കാട് പട്ടികജാതി പട്ടികവർഗ പ്രത്യേക കോടതി പ്രതികൾക്ക് ഏഴ് വർഷത്തെ കഠിന തടവ് വിധിച്ചിരുന്നു. 16ാം പ്രതിക്ക് മൂന്ന് മാസം തടവും 500 രൂപ പിഴയും ശിക്ഷ നൽകി. നാലാം പ്രതി അനീഷ്, 11-ാം പ്രതി അബ്ദുൽ കരിം എന്നിവരെ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചു.
ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നതു തടഞ്ഞ് ഹൈക്കോടതി നേരത്തേ ജാമ്യം അനുവദിച്ചിരുന്നു. മറ്റു പ്രതികളുടെ ശിക്ഷ തടയണം എന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
Kerala
കൊച്ചി: കൃത്യവും വ്യക്തവുമായ ഉത്തരവുകളുടെ അടിസ്ഥാനത്തിലല്ലാതെ ട്രൈബ്യൂണലുകള്‍ക്ക് കേസുകള്‍ അവസാനിപ്പിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി.
ട്രൈബ്യൂണലുകള്‍ അവരുടെ നിഗമനങ്ങളുടെ കാരണങ്ങള്‍ വെളിപ്പെടുത്തണം. ശരിയായ വിധിന്യായമില്ലാതെ വസ്തുതകള്‍ വിവരിക്കുന്ന ഹ്രസ്വവും അവ്യക്തവുമായ ഉത്തരവുകള്‍വഴി അപ്പീലുകള്‍ തള്ളിക്കളയാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ പുറപ്പെടുവിച്ച ഉത്തരവില്‍ കാരണമില്ലാതെ കേസ് അവസാനിപ്പിച്ചുവെന്നു കണ്ടെത്തിയാണ് കോടതിയുടെ പരാമര്‍ശം.
എതിര്‍വാദങ്ങളും തീരുമാനത്തിനുള്ള കാരണങ്ങളും ചര്‍ച്ച ചെയ്യാതെ വസ്തുതകള്‍ വെറുതെ പറഞ്ഞ് ഏതാനും വരികള്‍കൊണ്ടു വിഷയം അവസാനിപ്പിക്കാന്‍ ട്രൈബ്യൂണലുകള്‍ക്ക് കഴിയില്ലെന്ന് ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വ്യക്തമാക്കി.
1999ലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കായുള്ള ട്രൈബ്യൂണല്‍ ചട്ടങ്ങളും വാദങ്ങളും അനുബന്ധ രേഖകളും പരിഗണിച്ചശേഷം ഹര്‍ജിയില്‍ തീരുമാനം രേഖപ്പെടുത്തണമെന്ന് ട്രൈബ്യൂണലുകള്‍ക്ക് നിര്‍ദേശമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ആലപ്പുഴയിലെ തന്റെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിന് കെട്ടിട നമ്പറും ഒക്യുപന്‍സി സര്‍ട്ടിഫിക്കറ്റും നല്കാന് വിസമ്മതിച്ച മണ്ണഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ ഉത്തരവിനെതിരേ കെ.കെ. രഞ്ജിനി എന്ന യുവതി സമര്‍പ്പിച്ച ഹർജിയാണു കോടതി പരിഗണിച്ചത്.
Kerala
കൊച്ചി: ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനുള്ള നടപടിയായി എല്ലാ ഹൈക്കോടതികളും വെര്‍ച്വല്‍ ഹിയറിംഗ് നടത്തണമെന്ന സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നിര്‍ദേശപ്രകാരം കേരള ഹൈക്കോടതിയും ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറും.
തിങ്കള്‍, വെള്ളി ദിവസങ്ങളില്‍ വെര്‍ച്വല്‍ ഹിയറിംഗ് നടത്താനാണ് ആലോചന.
Kerala
കൊച്ചി: മലപ്പുറം പാങ്ങ് പള്ളിപ്പറമ്പത്ത് എല്‍പി സ്കൂളില്‍നിന്നുള്ള വിനോദയാത്രാ സംഘത്തിന്റെ വാന്‍ മറിഞ്ഞ് അധ്യാപകരുള്‍പ്പെടെ ഒമ്പതുപേര്‍ മരിച്ച സംഭവത്തില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.
വാഹനത്തിലെ ഡ്രൈവര്‍ കാബിനില്‍ അനധികൃതമായി ഫ്ലാഷ് ലൈറ്റുകള്‍ ഘടിപ്പിച്ചിരുന്നതായി സംശയമുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് റിപ്പോര്‍ട്ട് തേടിയത്.
ഗതാഗത കമ്മീഷണറുടെ റിപ്പോർട്ട് പത്തു ദിവസത്തിനകം സമര്‍പ്പിക്കണമെന്നാണ് ജസ്റ്റീസുമാരായ അനില്‍ കെ. നരേന്ദ്രന്, എസ്. മുരളീ കൃഷ്ണ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
കഴിഞ്ഞ മാസം 17ന് വാല്‍പ്പാറയിലെ ഹെയര്‍പിന്‍ വളവിലാണ് വാന്‍ മറിഞ്ഞത്. അപകടത്തിനുമുമ്പ് യാത്രക്കാര്‍ പോസ്റ്റ് ചെയ്ത വീഡിയോകളില്‍ മിന്നുന്ന ലൈറ്റുകള്‍ കാണുന്നുണ്ടെന്ന് കോടതി പറഞ്ഞു.
വാഹനങ്ങളിലെ അനധികൃത രൂപമാറ്റം സംബന്ധിച്ച് സ്വമേധയാ എടുത്ത ഹര്‍ജിയാണു പരിഗണനയിലുള്ളത്. രൂപമാറ്റം വരുത്തുകയോ ഫ്ലാഷ് ലൈറ്റുകള്‍ സ്ഥാപിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കണമെന്ന് കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
Kerala
കൊച്ചി: ചാന്‍സലറുടെ ഉത്തരവുകളെ ചോദ്യം ചെയ്യാന്‍ സര്‍വകലാശാലാ സിന്‍ഡിക്കറ്റിന് അധികാരമില്ലെന്ന് ഹൈക്കോടതി. ചാന്‍സലര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ നടപ്പിലാക്കാന്‍ സിന്‍ഡിക്കറ്റിന് ബാധ്യതയുണ്ടെന്നും ജസ്റ്റീസ് എ.എ. സിയാദ് റഹ്മാന് വ്യക്തമാക്കി.
കാലിക്കട്ട് സര്‍വകലാശാലയിലെ ഇന്‍സ്ട്രുമെന്റേഷന്‍ എന്‍ജിനിയര്‍ക്കെതിരായ അച്ചടക്കനടപടി റദ്ദാക്കിയ ചാന്‍സലറുടെ ഉത്തരവിനെതിരേ സിന്‍ഡിക്കറ്റംഗങ്ങള്‍ നല്കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണു കോടതിവിധി.
അച്ചടക്കനടപടികളില്‍ അപ്പീല്‍ അധികാരിയാണു ചാന്‍സലറെന്നും സ്ഥാപനത്തിലെ അധികാരശ്രേണിയും അച്ചടക്കവും പാലിക്കാന്‍ സിന്‍ഡിക്കറ്റ് ബാധ്യസ്ഥരാണെന്നും കോടതി വ്യക്തമാക്കി. സര്‍വകലാശാല എന്ന കോര്‍പറേറ്റ് ബോഡിയുടെ ഭാഗമാണു ചാന്‍സലറും സിന്‍ഡിക്കറ്റും.
അതിനാല്‍ ഉയര്‍ന്ന അഥോറിറ്റിയുടെ തീരുമാനങ്ങളെ നിയമപരമായി ചോദ്യംചെയ്യുന്നത് നിയമത്തില്‍ വിഭാവനം ചെയ്തിട്ടില്ല. എന്നാല്‍, ചാന്‍സലറുടെ ഉത്തരവ് തികച്ചും നിയമവിരുദ്ധമോ പക്ഷപാതപരമോ ആണെങ്കില്‍ അപൂര്‍വ സാഹചര്യങ്ങളില്‍ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
സര്‍വകലാശാലാ ഓഫീസുകളില്‍ ലോക്കല്‍ ഏരിയ നെറ്റ്വര്‍ക്ക് (ലാന്) സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികളില്‍ ക്രമക്കേട് നടത്തി 27.5 ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കിയെന്നായിരുന്നു എന്‍ജിനിയര്‍ക്കെതിരായ ആരോപണം.
ഇദ്ദേഹത്തെ അഞ്ചു വര്‍ഷത്തേക്ക് ജൂണിയര്‍ എന്‍ജിനിയറായി തരംതാഴ്ത്താനും തുക ഈടാക്കാനും സിന്‍ഡിക്കറ്റ് തീരുമാനിച്ചിരുന്നു. എന്നാല്‍, അപ്പീലില്‍ ചാന്‍സലര്‍ ഈ നടപടി റദ്ദാക്കി ഇദ്ദേഹത്തെ തിരിച്ചെടുക്കാന്‍ ഉത്തരവിട്ടു. ഇതിനെതിരേയാണു സിന്‍ഡിക്കറ്റ് ഹൈക്കോടതിയെ സമീപിച്ചത്.
Kerala
കൊച്ചി: കശുവണ്ടി അഴിമതിക്കേസിലെ കോടതിയലക്ഷ്യത്തില്‍ നേരിട്ടു ഹാജരാകുന്നതില്‍നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷിച്ച കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാന്‍ മൂന്നാംവട്ടവും അനുമതി നിഷേധിച്ചതുമായി ബന്ധപ്പെട്ടാണു കോടതിനടപടി.
പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ ഉത്തരവ് നേരത്തേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് മുഹമ്മദ് ഹനീഷിനെതിരേ കോടതിയലക്ഷ്യ നടപടി തുടങ്ങിയത്. ഇതിനെതിരേ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനായിരുന്നു നിര്‍ദേശം. നേരിട്ടു ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്നും അപ്പീല്‍ നല്കാന് സാവകാശം അനുവദിക്കണമെന്നും ഹനീഷ് ആവശ്യപ്പെട്ടു.
Kerala
കൊച്ചി: ജോലി വാഗ്ദാനം ചെയ്തു ദളിത് യുവതിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന പരാതിയില്‍ പാലക്കാട് നഗരസഭ കൗണ്‍സിലർ എം.പ്രശോഭിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി ഈ മാസം 21ന് പരിഗണിക്കാന്‍ മാറ്റി.
യുവതിയുടെ പരാതിയില്‍ പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന നിയമപ്രകാരമുള്ള കുറ്റങ്ങളടക്കം ചുമത്തിയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് കേസെടുത്തത്. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിച്ചത്. അതിജീവിതയുടെ വിശദീകരണം കോടതി തേടിയിട്ടുണ്ട്.
Kerala
കൊച്ചി: മെഡിക്കല്‍ കോളജിന് പഠനാവശ്യത്തിനായി വിട്ടുനല്‍കിയ അമ്മയുടെ മൃതദേഹം, മക്കളുടെ ആവശ്യപ്രകാരം മടക്കി നല്‍കാനാകില്ലെന്ന് ഹൈക്കോടതി.
മതപരമായ ചടങ്ങുകളോടെ സംസ്കാരം നടത്താനായി മൃതദേഹം മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി സ്വദേശിയായ പരേതയുടെ ഏഴു മക്കളില്‍ മൂന്നു പേര് നല്കിയ ഹര്‍ജി തള്ളിയാണ് ജസ്റ്റീസ് ബെച്ചു കുര്യന് തോമസ്് ഇക്കാര്യം വ്യക്തമാക്കിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23 നാണ് ഏഴ് മക്കളുള്ള മേരിയെന്ന സ്ത്രീ മരിച്ചത്. തങ്ങളുടെ സമ്മതമില്ലാതെ മറ്റ് സഹോദരങ്ങള്‍ ചേര്‍ന്ന് അമ്മയുടെ മൃതദേഹം കളമശേരി ഗവ. മെഡിക്കല്‍ കോളജിന് കൈമാറിയെന്നായിരുന്നു ഹര്‍ജിക്കാരായ ഗ്രീനി, ഫ്രാന്‍സിസ്, ഫിലോമിന എന്നീ മക്കളുടെ പരാതി.
മൃതദേഹം വിട്ടുനല്കണമെന്നാവശ്യപ്പെട്ട് ഡിജിപിക്കും ഞാറയ്ക്കല്‍ പോലീസിലും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്നും ഇവര്‍ ആരോപിച്ചു.
എന്നാല്‍, മരണശേഷം ശരീരം പഠനാവശ്യത്തിനായി വിട്ടുനല്‍കാന്‍ അമ്മ നേരത്തേതന്നെ സമ്മതപത്രം നല്‍കിയിരുന്നതായി മറ്റ് സഹോദരങ്ങള്‍ കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിച്ചിരുന്നു. പരേതയോടുള്ള അനാദരവാണ് ഹര്‍ജിക്കാരുടെ ഭാഗത്തു നിന്നുണ്ടായതെന്നും വാദിച്ചു.
1957ലെ കേരള അനാട്ടമി ആക്ട് പ്രകാരം ഒരാള്‍ തന്റെ ശരീരം പഠനാവശ്യത്തിന് നല്കാന് ആഗ്രഹിച്ചാല്‍ അത് മെഡിക്കല്‍ സ്ഥാപനങ്ങള്‍ക്ക് കൈമാറാവുന്നതാണ്. ഹര്‍ജിക്കാരുടെ അമ്മയുടെ അവസാന ആഗ്രഹത്തില്‍ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: കണ്ണൂര്‍ ആറളം ഫാമിലെ കെ.എം. ഒന്ന് എന്ന ആനയെ നിരന്തരം നിരീക്ഷിക്കണമെന്നു ഹൈക്കോടതി.
ആറളം ഫാമിലെ ജനങ്ങള്‍ക്കാകെ ഈ ആന ഭീഷണിയാണെന്നു ചൂണ്ടിക്കാട്ടി ബൈജു പോള്‍ മാത്യൂസ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസുമാരായ ദേവന് രാമചന്ദ്രന്, എസ്. ഈശ്വരന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.
ആറളം ഫാം വിഷയത്തില്‍ ഫലപ്രദമായ നടപടി ഉണ്ടാകണമെന്നു ചീഫ് സെക്രട്ടറി അടക്കമുള്ളവരെ ഓണ്‍ലൈനില്‍ വിളിച്ചുവരുത്തി നേരത്തേ ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.
അക്രമാസക്തനായ ഈ ആന ഫെബ്രുവരിയില്‍ അനീഷ് എന്നയാളെ കൊലപ്പെടുത്തിയതടക്കം ചൂണ്ടിക്കാട്ടിയാണു ഹര്‍ജി നല്‍കിയിട്ടുള്ളത്. ഇതിനുശേഷവും ആന അക്രമവാസന തുടരുകയാണ്.
ആറളം ഫാമിലെ വന്യജീവി ആക്രമണം തടയാന്‍ നിരന്തര മേല്‍നോട്ടം ഉണ്ടാകണമെന്ന നിര്‍ദേശം കോടതി നല്‍കിയിരുന്നതായി ഹര്ജിക്കാരന് വിശദീകരിച്ചു. ആറളം ഫാം അഭിഭാഷകനും ഇതു ശരിവച്ചു. തുടര്‍ന്നാണ് നിരന്തര നിരീക്ഷണത്തിനു കോടതി നിര്‍ദേശിച്ചത്.
Kerala
കൊച്ചി: വേര്‍പിരിഞ്ഞു താമസിക്കാനുള്ള കാരണം ബോധിപ്പിച്ചില്ല എന്നതുകൊണ്ട് മാത്രം പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനം കുടുംബക്കോടതിക്കു നിഷേധിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.
പരസ്പരസമ്മതത്തോടെയുള്ള വിവാഹമോചനത്തിന് കുടുംബക്കോടതിയെ സമീപിച്ച ദമ്പതികള്‍ക്കു വിവാഹമോചനം നിഷേധിച്ചതിനെതിരേയുള്ള ഹര്‍ജിയിലാണ് കോടതി ഉത്തരവ്. രണ്ടു വര്‍ഷത്തിലധികം വേര്‍പിരിഞ്ഞു താമസിക്കുന്നുവെന്ന് സത്യവാങ്മൂലം നല്കി.
എന്നാല്‍ എന്തുകൊണ്ട് വേര്‍പിരിഞ്ഞു എന്ന കാരണം ഹര്‍ജിയില്‍ പറഞ്ഞില്ല. കാരണം വ്യക്തമാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി കുടുംബക്കോടതി വിവാഹമോചനം നിഷേധിച്ചു. തുടര്‍ന്നാണ് കുടുംബക്കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയത്.
നിയമപ്രകാരം ഒരു വര്‍ഷം വേര്‍പിരിഞ്ഞു താമസിക്കുകയും ഒരുമിച്ചു ജീവിക്കാന്‍ പറ്റില്ലെന്ന് പരസ്പരസമ്മതത്തോടെ അറിയിക്കുകയും ചെയ്താല്‍ വിവാഹമോചനമാകാം. എന്തുകൊണ്ട് വിവാഹമോചനം എന്നതിനുള്ള കാരണം വ്യക്തമാക്കണമെന്നു നിയമത്തിലില്ല. സ്വകാര്യ കാര്യങ്ങള്‍ കോടതിയില്‍ പറയാന്‍ നിര്‍ബന്ധിക്കരുത്.
വൈവാഹിക ജീവിതം പരാജയപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാല്‍ വിവാഹമോചനം അനുവദിക്കണം. ജീവിക്കാന്‍ പറ്റില്ലെന്ന് ഇരുകൂട്ടരും പറഞ്ഞാല്‍, വിവാഹബന്ധം പൂര്‍ണമായും തകര്‍ന്നുവെന്ന് അനുമാനിക്കാമെന്നും ഡിവിഷന് ബെഞ്ച് വ്യക്തമാക്കി.
Kerala
കൊച്ചി: സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് കുടിയൊഴിപ്പിക്കല്‍ പോലുള്ള നടപടികള്‍ക്ക് ഉത്തരവിടാന്‍ അധികാരമില്ലെന്നു ഹൈക്കോടതി.
കുടിയൊഴിപ്പിക്കല്‍ പോലുള്ള കാര്യങ്ങള്‍ സിവില്‍ കോടതിയുടെ അധികാരമാണ്. ഇത്തരം അധികാരത്തില്‍ കൈകടത്താന്‍ കമ്മീഷനു കഴിയില്ലെന്നും ജസ്റ്റീസ് എസ്. ഈശ്വരന് വ്യക്തമാക്കി.
സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് പുറപ്പെടുവിച്ച കുടിയിറക്കല്‍ ഉത്തരവിനെതിരേ മലപ്പുറം സ്വദേശി മൊയ്തീന്‍കുട്ടി നല്കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്. കമ്മീഷന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നു വിലയിരുത്തിയ കോടതി, ഉത്തരവ് റദ്ദാക്കുകയും ചെയ്തു.
രജിസ്ട്രേഷന് നടത്തിയിട്ടും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെന്ന് ആരോപിച്ച് മലപ്പുറം സ്വദേശി അബ്ദുള്‍ സലാം നല്കിയ പരാതിയിലാണ് ന്യൂനപക്ഷ കമ്മീഷന്റെ ഉത്തരവുണ്ടായത്. നിയമത്തിന്റെ ആമുഖത്തില്‍ തന്നെ ന്യൂനപക്ഷ കമ്മീഷൻ രൂപീകരണത്തിന്റെ ലക്ഷ്യങ്ങള്‍ പറയുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ ഉന്നമനം, ക്ഷേമം, സംരക്ഷണം, ശക്തീകരണം എന്നിവ ലക്ഷ്യമിട്ടാണ് ന്യൂനപക്ഷ കമ്മീഷനെ നിയമിച്ചിട്ടുള്ളത്. നിശ്ചിത വിഷയങ്ങളില്‍ സര്‍ക്കാരിനു ശിപാര്‍ശ നല്‍കാനുള്ള അധികാരം മാത്രമാണു കമ്മീഷനുള്ളത്.
പ്രമാണങ്ങള്‍ രജിസ്റ്റര്‍ ചെയ്തശേഷവും സ്ഥലം ഒഴിഞ്ഞുനല്കുന്നില്ലെങ്കില് പരാതിക്കാരന് സിവില്‍ കോടതിയെ സമീപിക്കുകയാണു വേണ്ടിയിരുന്നത്. എന്നാല്‍, സിവില്‍ സ്വഭാവത്തിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പരാതിക്കാരന് സമീപിച്ചത് ന്യൂനപക്ഷ കമ്മീഷനെയാണ്. ഇത്തരമൊരു പരാതി ന്യൂനപക്ഷ കമ്മീഷന് പരിഗണിക്കരുതായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
Kerala
കൊച്ചി: വധശ്രമത്തിനു കേസെടുക്കണമെങ്കില്‍ ബോധപൂര്‍വം കൊലപാതകം നടത്താന്‍ ശ്രമമുണ്ടാകണമെന്നു ഹൈക്കോടതി.
വധിക്കാന്‍ ബോധപൂര്‍വം ശ്രമിച്ചെന്നോ മരണം സംഭവിച്ചേക്കാമെന്ന ബോധ്യത്തോടെ ആക്രമണം നടത്തിയെന്നോ തെളിയിക്കാനായില്ലെങ്കില്‍ വധശ്രമക്കേസില്‍ ശിക്ഷ നല്‍കാനാകില്ല. ആക്രമണത്തിലുണ്ടായ മുറിവിന്റെ സ്വഭാവവും വധശ്രമക്കുറ്റം നിര്‍ണയിക്കുന്നതില്‍ സുപ്രധാനമാണെന്ന് ജസ്റ്റീസ് എ. ബദറുദ്ദീന്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ സുഹൃത്തിനെ സന്ദര്‍ശിച്ചു മടങ്ങുന്നയാളെ തിരൂര്‍ ഗവ. ആശുപത്രിക്കുമുന്നില്‍ വച്ച് കുത്തിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയായ കൂട്ടായി കോതപ്പറമ്പ് മൂസാന്റെപുരക്കല് മനാഫിനെ വധശ്രമക്കുറ്റത്തിന് ഏഴു വര്‍ഷം ശിക്ഷിച്ച സെഷന്‍സ് കോടതി ഉത്തരവ് റദ്ദാക്കിയാണ് കോടതിയുടെ നിരീക്ഷണം.
2005 മേയ് 17ന് നടന്ന സംഭവത്തില്‍ മഞ്ചേരി സെഷന്‍സ് കോടതിയാണു മനാഫിന് ശിക്ഷ വിധിച്ചത്.
Kerala
കൊച്ചി: ശ്രീലങ്കന്‍ യുവതിയുമായി മാവേലിക്കര സ്വദേശിയായ യുവാവിന്റെ വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്ന് ഹൈക്കോടതി. ആവശ്യമായ രേഖകളെല്ലാം നല്‍കിയിട്ടും ലങ്കൻ എംബസിയില്‍നിന്ന്, വിവാഹിതയല്ലെന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്നു നിര്‍ദേശിച്ച് സ്പെഷല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം രജിസ്റ്റര്‍ ചെയ്ത് നല്‍കാത്ത മാവേലിക്കര സബ് രജിസ്ട്രാറുടെ നടപടി ചോദ്യം ചെയ്ത് ഇരുപത്തിയാറുകാരനായ യുവാവ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് എസ്. ഈശ്വരന്റെ ഉത്തരവ്.
വധുവാകേണ്ട ശ്രീലങ്കന്‍ യുവതി വീസയടക്കമുള്ള എല്ലാ രേഖകളുമായി ഇന്ത്യയില്‍ താമസിക്കുകയാണ്. ആവശ്യമായ എല്ലാ രേഖകളുമായാണു വിവാഹ രജിസ്ട്രേഷന് ഇരുവരും അപേക്ഷ നല്‍കിയത്. എന്നാല്‍, ശ്രീലങ്കന്‍ എംബസിയില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റ് വേണമെന്ന ആവശ്യമാണ് സബ് രജിസ്ട്രാര്‍ ഉന്നയിച്ചത്. നിയമപരമായി സമര്‍പ്പിക്കേണ്ട പാസ്പോർട്ട്, വീസ, വിവാഹിതയല്ലെന്ന സത്യവാങ്മൂലം എന്നിവയൊക്കെ നല്‍കിയിട്ടുണ്ടെന്നും എംബസിയുടെ സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച നിര്‍ദേശം നിയമത്തിലില്ലെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം.
Kerala
കൊച്ചി: ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന്റെ ഇന്നു ചേരാനിരുന്ന ജനറല്‍ ബോഡി യോഗം ഹൈക്കോടതി സ്റ്റേ ചെയ്തു.
യൂണിയൻ നിയമാവലിക്കും ബന്ധപ്പെട്ട നിയമങ്ങള്‍ക്കും വിരുദ്ധമായിട്ടുള്ള പൊതുയോഗം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സി.പി. മെഹറൂഫ് നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ.വി. ജയകുമാറിന്റെ ഉത്തരവ്.
ഇന്നു ജനറല്‍ ബോഡി യോഗം നടത്തുന്നത് തടയാന്‍ ലേബര്‍ കമ്മീഷണര്‍ക്കു നിര്‍ദേശം നല്‍കണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹര്‍ജിയില്‍ ഉന്നയിച്ചത്.
സര്‍ക്കാര്‍, ലേബര്‍ കമ്മീഷണര്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് എന്നിവര്‍ക്ക് നോട്ടീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Kerala
കൊച്ചി: കോഴിക്കോട് വെള്ളിമാടുകുന്ന് ജെഡിടി ഇസ്ലാമിലെ സ്ട്രോംഗ് റൂമിനോടു ചേര്‍ന്നുള്ള മെറ്റീരിയല്‍ റൂം തുറന്ന സംഭവത്തില്‍ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കെതിരേ നടപടിയാവശ്യപ്പെടുന്ന നിവേദനത്തില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ ഉത്തരവ്.
മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊയിലാണ്ടി മണ്ഡലം സ്ഥാനാര്‍ഥി അഡ്വ. കെ. പ്രവീണ്‍കുമാര്‍ നല്കിയ ഹര്‍ജിയിലാണു ജസ്റ്റീസ് കെ.വി. ജയകുമാറിന്റെ ഇടക്കാല ഉത്തരവ്.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമിനു സമീപത്തെ മെറ്റീരിയല്‍ റൂം ഹര്‍ജിക്കാര്‍ക്ക് നോട്ടീസ് നല്‍കാതെ തുറന്നതില്‍ പേരാമ്പ്ര, കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടി വേണമെന്നതടക്കമുള്ള ആവശ്യമാണു നിവേദനത്തില്‍ ഉന്നയിച്ചിരിക്കുന്നത്.
പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് ഹര്‍ജിക്കാര്‍ അറിയിച്ചു. കഴിഞ്ഞ 20നാണ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ സ്ട്രോംഗ് റൂം തുറന്നത്.
Kerala
കൊച്ചി: മീഡിയ വണ്‍ വാര്‍ത്താചാനലിലെ ഫേസ്ബുക്ക് പേജിനു വിലക്കേര്‍പ്പെടുത്തിയതുമായി ബന്ധപ്പെട്ട് ഹൈക്കോടതി നോട്ടീസ് അയച്ചു. കേന്ദ്രസര്‍ക്കാര്‍-മെറ്റ അടക്കമുള്ള എതിര്കക്ഷികള്ക്കാണു നോട്ടീസ്.
മീഡിയ വണ്ണിന്റെ ഡിജിറ്റല്‍ ഉള്ളടക്കം തടസപ്പെടുത്തിയെന്നും ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചതിനാല്‍ സാമ്പത്തികനഷ്ടം വരുത്തിയെന്നും ചൂണ്ടിക്കാട്ടി മാധ്യമം ബ്രോഡ്കാസ്റ്റ് ലിമിറ്റഡാണു ഹര്‍ജി നല്‍കിയത്.
2011 മുതല്‍ സജീവമായ ഫേസ്ബുക്ക് പേജ് വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിനുള്ള പ്രധാന വേദിയാണെന്നും പ്രതിമാസം ഏകദേശം 25 ലക്ഷം രൂപ വരുമാനം ഉണ്ടാക്കുന്നുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
ഐടി ആക്ടിലെ സെക്ഷന്‍ 69 എ പ്രകാരമുള്ള ഏതെങ്കിലും ഉത്തരവ് ഉണ്ടാക്കുകയോ കാരണങ്ങള്‍ അറിയിക്കുകയോ ചെയ്യാതെയാണു പ്രവര്‍ത്തനം തടസപ്പെടുത്തിയത്.
Kerala
കൊച്ചി: അഭിഭാഷകയായ എ.കെ. പ്രീത കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്ജിയായി ചുമതലയേറ്റു. ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ 24നാണ് കേന്ദ്ര നിയമമന്ത്രാലയം നിയമനം സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയത്.
കൊച്ചി സ്വദേശിനിയായ എ.കെ. പ്രീത തൊഴില്‍ നിയമം, സര്‍വീസ് മാറ്റേഴ്സ്, ഭരണഘടനാ നിയമം എന്നിവയില്‍ വിദഗ്ധയാണ്. 2021ല്‍ തിരുവനന്തപുരത്ത് പിങ്ക് പോലീസ് ഉപദ്രവിച്ച എട്ടു വയസുകാരിക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്ത നിയമപോരാട്ടത്തിനു നേതൃത്വം നല്‍കിയത് ശ്രദ്ധേയമാണ്.
പീരുമേട് ചെന്തിലകം കുടുംബാംഗമായ പ്രീത, അഡ്വ. ബി.ആര്. അരവിന്ദന് നായരുടെയും കൃഷ്ണമ്മയുടെയും മകളാണ്. ഭര്‍ത്താവ് ഡോ. എസ്.എസ്. ഗിരിശങ്കര്‍ കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് ഓഫ് ലോ പ്രിന്‍സിപ്പലാണ്.
Kerala
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന തങ്ങൾക്കു വോട്ട് ചെയ്യാന്‍ അവസരം ലഭിച്ചില്ലെന്നാരോപിച്ചു ഉദ്യോഗസ്ഥര്‍ വീണ്ടും ഹൈക്കോടതിയില്‍. കുറ്റ്യാടി മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി തെരഞ്ഞെടുപ്പു കമ്മീഷന്റെ വിശദീകരണം തേടി.
വോട്ടെണ്ണലിന് മുമ്പു തന്നെ ഹര്‍ജി പരിഗണിക്കുന്നതിനായി ഈമാസം 21 നകം വിശദീകരണം നല്‍കാനാണു ജസ്റ്റീസ് ഹരിശങ്കര്‍ വി. മേനോന്റെ നിര്‍ദേശം.
പോസ്റ്റല്‍ വോട്ട് നിഷേധിച്ചെന്നാരോപിച്ച് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരായിരുന്ന വി.പി.മുഹമ്മദ് സിനാന് അടക്കമാണു കോടതിയെ സമീപിച്ചത്. ഫോം 12 സമര്‍പ്പിച്ചിട്ടും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍നിന്ന് പോസ്റ്റല്‍ ബാലറ്റ് അനുവദിച്ചില്ലെന്നാണ് ഹര്‍ജിക്കാരുടെ പരാതി.
തെരഞ്ഞെടുപ്പ് കഴിഞ്ഞാലും അവസരം നല്‍കുമെന്ന് കമ്മീഷന് കോടതിയില്‍ ഉറപ്പ് നല്‍കിയിരുന്നെങ്കിലും ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. വോട്ടെണ്ണല്‍ നടക്കുന്ന മേയ് നാലിനുമുമ്പ് വോട്ട് രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കണമെന്നും ഇത്തരം വീഴ്ചകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശാശ്വതമായ സംവിധാനം ഒരുക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പിനുമുമ്പ് എന്‍ജിഒ യൂണിയന് അടക്കമുള്ളവര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജികളില്‍ എല്ലാവര്ക്കും വോട്ട് ചെയ്യാന്‍ അവസരമൊരുക്കണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു.
Kerala
കൊച്ചി: കശുവണ്ടി ഇറക്കുമതി അഴിമതിക്കേസില്‍ പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നടപടി കോടതിയലക്ഷ്യമെന്നു ഹൈക്കോടതി. സിബിഐ നല്കിയ അപേക്ഷ തള്ളിയ 2025 ഒക്ടോബർ 28 ലെ ഉത്തരവും ജസ്റ്റീസ് എ. ബദറുദ്ദീന്‍ റദ്ദാക്കി.
സിബിഐയുടെ അപേക്ഷ മേയ് 18നകം പുനഃപരിശോധിച്ച് ഉത്തരവിടണം. അന്നേദിവസം വ്യവസായ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ് കോടതിയില്‍ നേരിട്ടു ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു.
കൊല്ലം സ്വദേശി കടകംപള്ളി മനോജ് നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയാണു കോടതിയുടെ പരിഗണനയിലുള്ളത്. പ്രോസിക്യൂഷന് അനുമതി നിഷേധിച്ച സര്‍ക്കാര്‍ നിലപാട് സേച്ഛാപരവും പൊതുതാത്പര്യ വിരുദ്ധവും ഹൈക്കോടതി ഉത്തരവിന് എതിരാണെന്നും കോടതി വിലയിരുത്തി. 80 കോടി രൂപയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തിയ കേസില്‍ പ്രഥമദൃഷ്ട്യാ അഴിമതിനിരോധന നിയമത്തിലെ വകുപ്പുകള്‍ ബാധകമാണ്.
എന്നാല്‍, ഇതില്‍ സര്‍ക്കാര്‍ താത്പര്യക്കുറവ് പ്രകടിപ്പിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ല. 2015 സെപ്റ്റംബര്‍ 23ന് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടപ്പോള്‍ വിജിലന്‍സ് അന്വേഷണത്തിനാണു സര്‍ക്കാര്‍ താത്പര്യം പ്രകടിപ്പിച്ചത്.
സിബിഐ അന്വേഷണത്തിനാണ് ഉത്തരവുണ്ടായതെങ്കിലും അതു സര്‍ക്കാരടക്കം ചോദ്യം ചെയ്യാത്തതിനാല്‍ അന്തിമമാകുകയും ചെയ്തു. 2020 ഏപ്രില്‍ 30നാണ് പ്രോസിക്യൂഷന് അനുമതി തേടി സിബിഐ അപേക്ഷ നല്‍കിയത്.
2020 ഒക്ടോബര്‍ 15ന് അപേക്ഷ തള്ളി. അപേക്ഷ വീണ്ടും പരിഗണിച്ചു തീരുമാനമെടുക്കാന്‍ 2024 ജൂലൈ 24ന് കോടതി ഉത്തരവിട്ടു. എന്നിട്ടും 2025 മാര്‍ച്ച് 21നും ഒക്ടോബർ 28നും അപേക്ഷ നിരസിച്ചതാണ് നിലവില്‍ കോടതിയലക്ഷ്യ ഹര്‍ജിക്കു കാരണമായത്.
Kerala
കൊച്ചി: സംസ്ഥാനത്ത് റാഗിംഗ് നിരോധന നിയമഭേദഗതിക്ക് മന്ത്രിസഭാ അംഗീകാരം നല്‍കുന്നതിനുള്ള തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.
മന്ത്രിസഭ ചേര്‍ന്ന് ഭേദഗതിക്ക് അംഗീകാരം നല്കുന്നതില് തടസമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചതിനെത്തുടര്‍ന്നാണ് ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് സി. ജയചന്ദ്രന് എന്നിവരടങ്ങുന്ന പ്രത്യേക ബെഞ്ചിന്റെ നിര്‍ദേശം.
സമഗ്രമായ റാഗിംഗ് നിരോധന നിയമം വേണമെന്നാവശ്യപ്പെട്ട് കേരള ലീഗല്‍ സര്‍വീസ് അഥോറിറ്റി നല്കിയ ഹർജിയാണു കോടതിയുടെ പരിഗണനയിലുള്ളത്.
റാഗിംഗ് നിരോധന നിയമഭേദഗതിക്ക് അനുമതി നല്കാന് മന്ത്രിസഭാ യോഗം ചേരാന്‍ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ട പ്രകാരമുള്ള വിലക്കില്‍ ഇളവ് അനുവദിക്കാനാകുമോയെന്ന് അറിയിക്കാന്‍ കോടതി നേരത്തേ തെരഞ്ഞെടുപ്പ് കമ്മീഷനോടു നിര്‍ദേശിച്ചിരുന്നു.
നിയമഭേദഗതി അനിവാര്യമായ സാഹചര്യം ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇടപെ ടല്‍.
Kerala
കൊച്ചി: തിരുവനന്തപുരം വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രമേയമാക്കി നിര്‍മിച്ചതെന്ന് ആരോപിക്കപ്പെടുന്ന ‘കാലം പറഞ്ഞ കഥ’എന്ന സിനിമയ്ക്കു വിലക്കില്ല.
സിനിമയുടെ റിലീസ് തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. കേസിലെ ഏക പ്രതിയായ അഫാന്റെ അച്ഛൻ സമര്‍പ്പിച്ച ഹര്‍ജിയാണു ജസ്റ്റീസ് ബെച്ചു കുര്യന് തോമസ് തള്ളിയത്.
കേസിന്റെ വിചാരണയെ സിനിമ സ്വാധീനിച്ചേക്കുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. സിനിമയിലൂടെ കുടുംബത്തെ തിരിച്ചറിയാന്‍ ഇടയായാല്‍ അത് അപകീര്ത്തികരമാകുമെന്നും ഹര്ജിക്കാരന് വാദിച്ചു. ഒരു സിനിമ എങ്ങനെയാണു നിഷ്പക്ഷമായ വിചാരണയെ ബാധിക്കുകയെന്ന് കോടതി ചോദിച്ചു. മിക്ക സിനിമകളും യഥാര്‍ഥ സംഭവങ്ങളില്‍നിന്നു പ്രചോദനം ഉള്ക്കൊണ്ടതാകാമെന്നും നിരീക്ഷിച്ചു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് റിവൈസിംഗ് കമ്മിറ്റിയുടെ പരിശോധനയ്ക്കുശേഷം ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു. സിനിമ റിലീസ് ചെയ്യുന്നത് വിചാരണയെ ബാധിക്കില്ലെന്നും പ്രമേയം വ്യത്യസ്തമാണെന്നും സെന്‍സര്‍ ബോര്‍ഡും അറിയിച്ചിരുന്നു.
Kerala
അമ്പലപ്പുഴ: നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണം അന്തിമഘട്ടത്തിൽ നില്‍ക്കേ സിപിഎം, എസ്ഡിപിഐ നേതാക്കൾക്കെതിരേ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ ഹൈക്കോടതിയിൽ.
വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നുവെന്നും തനിക്കും തന്റെ ഡ്രൈവർക്കും നേരേ വധഭീഷണിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. വോട്ട് ചെയ്യാൻ എത്തുന്നവരെ തടയുമെന്ന് സിപിഎം പരസ്യമായി വെല്ലുവിളിക്കുന്നുവെന്നും വോട്ടർമാരെ ഭീഷണിപ്പെടുത്തി വോട്ടുചെയ്യാൻ അനുവദിക്കാത്ത സാഹചര്യം സൃഷ്ടിക്കുന്നുവെന്നും ഹർജിയിൽ പറയുന്നു.
സിപിഎം, എസ്ഡിപിഐ നേതാക്കൾ തന്നെ ശാരീരികമായി ആക്രമിക്കാൻ ശ്രമിക്കുന്നു. പൊതുയോഗങ്ങളിൽ പരസ്യമായി ഭീഷണി മുഴക്കുന്നു. തന്റെ ഡ്രൈവറുടെ ജീവനും ഭീഷണി നിലനിൽക്കുന്നുണ്ടെന്ന് സുധാകരൻ ആരോപിക്കുന്നു.
തനിക്കെതിരേ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള അപവാദ പ്രചാരണങ്ങളാണ് മണ്ഡലത്തിൽ നടക്കുന്നത്. ഈ വിഷയങ്ങളിൽ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. ഉദ്യോഗസ്ഥർ നിഷ്ക്രിയരായി നിൽക്കുകയാണെന്നും വോട്ടർമാരെ തടയുന്നില്ലെന്ന് ഉറപ്പാക്കാൻ കോടതി ഇടപെടണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.
Kerala
കൊച്ചി: തളിപ്പറമ്പിലെ യുഡിഎഫ് സ്ഥാനാർഥി ടി.കെ. ഗോവിന്ദന്റെ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. പോലീസ് സംരക്ഷണവും വോട്ടിംഗ് ക്രമക്കേട് ഒഴിവാക്കാന്‍ നടപടിയും ആവശ്യപ്പെട്ടാണ് ഹർജി.
മണ്ഡലത്തിൽ വ്യാജ വോട്ടിന് സാധ്യതയുള്ളതിനാൽ ആബ്സന്റ്, ഡെത്ത്, ഷിഫ്റ്റ് വോട്ടര്‍ പട്ടിക തയാറാക്കണമെന്നും ടി.കെ. ഗോവിന്ദൻ സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു. അതേസമയം ഗോവിന്ദന് പോലീസ് സംരക്ഷണം ഒരുക്കിയതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ ഇക്കാര്യത്തിൽ ഇന്ന് രേഖാമൂലം മറുപടി നൽകാൻ സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. തളിപ്പറമ്പിൽ പി.കെ. ശ്യാമളയെ സിപിഎം സ്ഥാനാർഥിയാക്കിയതിൽ പ്രതിഷേധിച്ചായിരുന്നു ടി.കെ.ഗോവിന്ദൻ പാർട്ടി വിട്ടത്.
Kerala
കൊച്ചി: അപര സ്ഥാനാർഥികളെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്ന നടപടിയെന്നു ഹൈക്കോടതി. വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണ് അപരന്മാരുടെ സ്ഥാനാര്‍ഥിത്വം.
അപരന്മാരെ നിയോഗിക്കുന്നത് തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കും. അപര സ്ഥാനാര്‍ഥികളെ നിയോഗിക്കുന്നതു തടയണമെന്നും ഒരു സ്ഥാനാര്‍ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി അഞ്ജലി നായരുടെ പേര് തിരുത്തണമെന്ന ഹര്‍ജി പരിഗണിക്കവെയാണു കോടതിയുടെ വാക്കാലുള്ള പരാമര്‍ശം.
ബാലറ്റ് പേപ്പറിലും ഇവിഎം മെഷീനിലും തന്റെ പേര് അഞ്ജലി നായര്‍ എന്നാക്കണമെന്നാവശ്യപ്പെട്ടു തെരഞ്ഞെടുപ്പു കമ്മീഷന് അപേക്ഷ നല്‍കിയെങ്കിലും പരിഗണിക്കാതെ വന്നതിനെതുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. അഞ്ജലി നായരുടെ ഹര്‍ജി പരിഗണിച്ച കോടതി, ശനിയാഴ്ച 11ന് റിട്ടേണിംഗ് ഓഫീസറോടു ഹിയറിംഗ് നടത്താനും അതിന്മേല് അന്നുതന്നെ തീരുമാനമെടുക്കാനും ഉത്തരവിട്ടു.
ജനാധിപത്യ പ്രക്രിയയില്‍ വോട്ടര്‍മാര്‍ക്ക് അവരുടെ സ്ഥാനാര്‍ഥികളെ ഫലപ്രദമായി തെരഞ്ഞെടുക്കാന്‍ കഴിയണമെന്നും ഒരു വോട്ടര്‍ പോലും തെറ്റിദ്ധരിക്കപ്പെടരുതെന്നും കേസ് പരിഗണിച്ച ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണന് വാക്കാല്‍ പറഞ്ഞു.
അഞ്ജലിയുടെ അപേക്ഷ അനുകൂലമായി പരിഗണിക്കണമെന്നും തെരഞ്ഞെടുപ്പു കമ്മീഷനോട് കോടതി നിർദേശിച്ചു.
Kerala
കൊച്ചി: മറ്റൊരാള്‍ക്ക് വാടകയ്ക്കു നല്കിയ വസ്തുവില്‍ ഉടമയ്ക്കുപോലും ഒരു കുറ്റകൃത്യം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ നിയമവിരുദ്ധമായി പ്രവേശിക്കാന്‍ കഴിയില്ലെന്നു ഹൈക്കോടതി.
വാടകക്കാരന്റെ മുറിയില്‍ അതിക്രമിച്ചു കയറി വീട് നശിപ്പിച്ച വീട്ടുടമസ്ഥനെതിരേയുള്ള കുറ്റം ശരിവച്ചാണ് ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്റെ ഉത്തരവ്.
വിചാരണക്കോടതിയും അപ്പീല്‍ക്കോടതിയും കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് കാസര്‍ഗോഡ് സ്വദേശി ദാമോദരന്‍ സമര്‍പ്പിച്ച പുനഃപരിശോധനാഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
എന്നാല്‍, കേസിന്റെ സ്വഭാവം വീട്ടുടമസ്ഥനും വാടകക്കാരനും തമ്മിലുള്ള തര്ക്കമായതിനാലും ഹര്‍ജിക്കാരനു ക്രിമിനല്‍ പശ്ചാത്തലമൊന്നുമില്ലാത്തതിനാലും ശിക്ഷയില്‍ ഇളവ് വരുത്തുന്നത് ഉചിതമാണെന്ന് കോടതി വിലയിരുത്തി.
Kerala
കൊച്ചി: കുറഞ്ഞ അളവില്‍ മയക്കുമരുന്ന് കൈവശം വയ്ക്കുന്ന കേസിലും പ്രതികളെ കാപ്പ നിയമപ്രകാരം കരുതല്‍ തടങ്കലിലാക്കാമെന്ന് ഹൈക്കോടതിയുടെ അഞ്ചംഗ ബെഞ്ച്.
കേരള സാമൂഹിക വിരുദ്ധ പ്രവര്‍ത്തന നിയന്ത്രണ നിയമ പ്രകാരം (കാപ്പ) ചെറിയ അളവില്‍ ലഹരി കൈവശം വച്ചതിന് തടവിലാക്കാനാകില്ലെന്ന മൂന്നംഗ ബെഞ്ചിന്റെ മുന്‍ ഉത്തരവ് തിരുത്തിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന്, ജസ്റ്റീസ് പി.ഗോപിനാഥ്, ജസ്റ്റീസ് എ.ബദറുദ്ദീന്‍, ജസ്റ്റീസ് എം.ബി.സ്നേഹലത,ജസ്റ്റീസ് ജോബിന് സെബാസ്റ്റ്യന്‍ എന്നിവരടങ്ങിയ വിശാല ബെഞ്ചിന്റെ വിധി.
കച്ചവട ഉദ്ദേശ്യത്തോടെ മയക്കുമരുന്ന കൈകാര്യം ചെയ്യുന്നവരെ മാത്രമേ മയക്കുമരുന്ന് കുറ്റവാളിയായി കണക്കാക്കാനാകൂ എന്നാണ് 2024 ല്‍ സുഹാന കേസില്‍ ഹൈക്കോടതി ഫുള്‍ ബെഞ്ച് പറഞ്ഞത്.
ഈ വിലയിരുത്തല്‍ തളളിയ വിശാല ബെഞ്ച് മയക്കുമരുന്ന് കേസിനെ ഒരിക്കലും നിസാരമായി കാണാനാകില്ലെന്ന് വ്യക്തമാക്കി.
Kerala
കൊച്ചി : കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരായ തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കുമെന്നും അദ്ദേഹം വിചാരണ നേരിടണമെന്നും ഹൈക്കോടതി. തനിക്കെതിരായ ഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ട് സുരേഷ് ഗോപി സമര്‍പ്പിച്ച ഇടക്കാല അപേക്ഷ കോടതി നിരസിച്ചു.
അതേസമയം, തൃശൂരിലെ പച്ചക്കറി മാര്‍ക്കറ്റിലും പൊതുസ്ഥലങ്ങളിലും കുടകള്‍ വിതരണം ചെയ്തെന്ന അഴിമതി ആരോപണം കോടതി റദ്ദാക്കി. മറ്റ് ആരോപണങ്ങളില്‍ സുരേഷ് ഗോപി വിചാരണ നേരിടണമെന്ന് ജസ്റ്റീസ് പി. കൃഷ്ണകുമാര്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് ഹര്‍ജി നിലനില്‍ക്കില്ലെന്ന സുരേഷ് ഗോപിയുടെ പ്രാഥമിക വാദങ്ങള്‍ കോടതി തള്ളി.
ഹര്‍ജിയിലെ 16ാം ഖണ്ഡികയില്‍ പറയുന്ന കുട വിതരണവുമായി ബന്ധപ്പെട്ട ആരോപണം സിപിസി ചട്ടപ്രകാരം ഒഴിവാക്കിയെങ്കിലും മറ്റ് അഴിമതി ആരോപണങ്ങളില്‍ വിചാരണ തുടരാമെന്ന് കോടതി വ്യക്തമാക്കി.തൃശൂര്‍ മണ്ഡലത്തില്‍ നിന്നുള്ള സുരേഷ് ഗോപിയുടെ വിജയം ചോദ്യം ചെയ്ത് എഐവൈഎഫ് തൃശൂര്‍ ജില്ലാ പ്രസിഡന്റ് എ.എസ്. ബിനോയ് ആണ് കോടതിയെ സമീപിച്ചത്.
ജനപ്രാതിനിധ്യ നിയമത്തിലെ 123ാം വകുപ്പ് പ്രകാരം സുരേഷ് ഗോപി അഴിമതി കാട്ടിയെന്നും അതിനാല്‍ അദ്ദേഹത്തിന്റെ വിജയം അസാധുവായി പ്രഖ്യാപിക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ടിക്കറ്റിലാണ് സുരേഷ് ഗോപി വിജയിച്ചത്.
വോട്ടെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിച്ചു, സുരേഷ് ഗോപിക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എ.പി. അബ്ദുള്ളക്കുട്ടി ശ്രീരാമ ഭഗവാന്റെ പേരില്‍ വോട്ട് ചെയ്യണമെന്ന അഭ്യര്‍ഥന നടത്തി, സുഹൃത്ത് മുഖേന സുരേഷ് ഗോപി വോട്ടര്‍മാര്‍ക്ക് പെന്ഷന് വാഗ്ദാനം ചെയ്തു.
തെരഞ്ഞെടുപ്പ് കാലത്ത് ബാങ്ക് അക്കൗണ്ടിലേക്ക് പെന്ഷന് തുക കൈമാറി, വോട്ടറുടെ മകള്‍ക്ക് കൈക്കൂലിയായി മൊബൈല്‍ ഫോണ്‍ നല്കി തുടങ്ങിയവയാണ് ഹര്‍ജിയിലെ ആരോപണങ്ങള്‍.
Kerala
കൊച്ചി: ലൈംഗികാതിക്രമത്തിന് ഉള്‍പ്പെടെ ഇരയായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമടക്കം സംസ്ഥാനം അംഗീകരിച്ച നഷ്ടപരിഹാരവും മധ്യസ്ഥഫീസും വേഗത്തില്‍ വിതരണം ചെയ്യാൻ സംസ്ഥാന ലീഗല്‍ സര്‍വീസസ് അഥോറിറ്റി (കെല്‍സ) മെംബര്‍ സെക്രട്ടറിയോട് ഹൈക്കോടതി നിര്‍ദേശിച്ചു.
അടുത്ത സാമ്പത്തികവര്‍ഷത്തില്‍ ആവശ്യമായ തുകകള്‍ പരാമര്‍ശിച്ച് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് ജസ്റ്റീസ് സൗമെന്‍ സെന്‍, ജസ്റ്റീസ് വി.എം. ശ്യാംകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടു.
മധ്യസ്ഥ കേന്ദ്രങ്ങളുടെ അടിസ്ഥാനസൗകര്യ ആവശ്യകതകള്‍ അടക്കമുള്ള വിഷയത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി ഉള്‍പ്പെടെ പരിഗണിച്ചാണു നടപടി. ബന്ധപ്പെട്ട വിഷയത്തില്‍ മധ്യസ്ഥഫീസ് വര്‍ധിപ്പിക്കണമെന്നായിരുന്നു ഒരു ആവശ്യം.
Kerala
കൊച്ചി: സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക ഒരു ഗഡുവെങ്കിലും ഉടൻ നൽകാനാകുമോയെന്നതിൽ നിലപാട് അറിയിക്കാൻ ഹൈക്കോടതി നിർദേശം.
കുടിശിക എട്ടു ഗഡുവായി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും ഇതുവരെ തുടർ നടപടി ഉണ്ടായില്ലെന്ന് ആരോപിക്കുന്ന ഉപഹർജിയാണ് ജസ്റ്റീസ് വിജു ഏബ്രഹാമിന്റെ ബെഞ്ച് പരിഗണിച്ചത്.
ഇക്കാര്യത്തിൽ നിലപാടറിയിക്കാൻ സമയം വേണമെന്നു സർക്കാർ അഭിഭാഷകൻ അറിയിച്ചതിനെത്തുടർന്ന് ഹർജി ഏപ്രിൽ എട്ടിനു പരിഗണിക്കാൻ മാറ്റി.
കുടിശികയുടെ ഒരു ഗഡുവെങ്കിലും മാർച്ച് അവസാനം നൽകാൻ ഉത്തരവിടണമെന്നും ന്യായമായ പലിശ വേണമെന്നുമാണ് ഫെഡറേഷൻ ഒഫ് ഓൾ കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷൻസ് സംസ്ഥാന പ്രസിഡന്റ് എൻ. മഹേഷ് നൽകിയ ഉപഹർജിയിലെ ആവശ്യം.
അനുവദിച്ച ഡിഎയുടെ അവസാന ഗഡു ഏപ്രിലിലെ ശമ്പളത്തോടൊപ്പം നൽകുമെന്നും കുടിശിക 2026-27 സാമ്പത്തികവർഷം എട്ടു ഗഡുക്കളായി നൽകുമെന്നുമാണ് സർക്കാരിനായി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ പി.കെ.ബാബു അറിയിച്ചത്.